ടെഹ്റാൻ: (www.truevisionnews.com) നിരുപാധികം കീഴടങ്ങണമെന്ന ഡൊണള്‍ഡ് ട്രംപിന്‍റെ അന്ത്യശാസനം തള്ളി ഇറാൻ. ശത്രുവിനുമുന്നിൽ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി പറഞ്ഞു. ശത്രുവിന് മുന്നിൽ മുട്ടുമടക്കില്ലെന്നാണ് ഇറാന്‍റെ നിലപാട്. അതേസമയം, ഇസ്രയേൽ ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങളിൽ അമേരിക്ക നേരിട്ട് പങ്കാളി ആയേക്കുമെന്നാണ് സൂചന.
പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈന്യത്തെ അയയ്ക്കുന്നതായും പടയൊരുക്കം ശക്തിപ്പെടുത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ ആണവായുധം നേടുന്നതിന് തൊട്ടരികിൽ എത്തിയെന്നും തടയാൻ വേണ്ടതെല്ലാം ചെയ്യുമെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇന്നലെ രാത്രിയിൽ ഉടനീളം തെഹ്റാനിലടക്കം ഇസ്രയേലിന്‍റെ ആക്രമണമുണ്ടായി. ഇതിനിടെ, ഇസ്രയേലി നഗരങ്ങളെ ലക്ഷ്യമാക്കി രാത്രിയിലും ഇറാന്‍റെ മിസൈൽ ആക്രമണവും തുടര്‍ന്നു.ഹൈഫയിലേക്കും ടെൽ അവീവിലേക്കും ഇറാൻ അയച്ച മിസൈലുകൾ തകർത്തെന്ന് ഇസ്രായേൽ അറിയിച്ചു.
.gif)

ഇന്നലെ രാത്രിയിൽ ഇറാനിൽ ഉടനീളം ഇസ്രയേൽ കൂടുതൽ കനത്ത ആക്രമണം നടത്തി. ഇറാനിലെ ആണവോർജ കേന്ദ്രങ്ങളിൽ കൂടുതൽ ആക്രമണം നടത്തി. ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 450 കടന്നു. ഇസ്രയേലിന്‍റെ ആക്രമണങ്ങളിൽ ഇറാനിലെ നതാൻസ് ആണവോർജ കേന്ദത്തിന്‍റെ ഭൂഗർഭ അറകളിൽ കാര്യമായ നാശം ഉണ്ടായതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചു. എന്നാൽ, ഇസ്ഫഹാൻ അടക്കം മറ്റു കേന്ദ്രങ്ങളിൽ ഭൂഗർഭ സംവിധാനങ്ങൾക്ക് തകരാറില്ല.
ഇറാന്‍റെ യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ആയിരക്കണക്കിന് സെൻട്രിഫ്യൂജുകളും ആണവശേഖരവും ഭൂമിക്കടിയിലാണ്. ഇവ തകർക്കാനുള്ള ശക്തമായ ബങ്കർ ബസ്റ്റിംഗ് ബോംബുകൾ അമേരിക്കയിൽ നിന്ന് ഇസ്രയേൽ ആവശ്യപ്പെട്ടു. ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ഇറാനിൽ ലക്ഷ്യം നേടുമെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഇറാന്‍റെ മിസൈൽ ആക്രമണ ശേഷി ഗണ്യമായി കുറഞ്ഞെന്നും ഇസ്രായേൽ അവകാശപ്പെട്ടു.
അതേ സമയം അമേരിക്കയും ബ്രിട്ടനും പശ്ചിമേഷ്യയിലേക്ക് കൂടുതൽ യുദ്ധവിമാനങ്ങള്‍ അയച്ചിരിക്കുകയാണ്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പ്രത്യാക്രമണം ആരംഭിച്ചതായി ഇറാൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹൈഫയിലും ടെൽ അവീവിലുമുള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇറാൻ സേനാ മേധാവി ആവശ്യപ്പെട്ടു. ഇറാൻ നിരുപാധികം കീഴടങ്ങണമെന്നും ആയത്തുല്ല അലി ഖമനേയി എവിടെയാണെന്ന് വ്യക്തമായ വിവരം ഉണ്ടെങ്കിലും ഇപ്പോൾ വധിക്കില്ലെന്നുമാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്നലെ മുന്നറിയിപ്പ് നൽകിയത്
Iran reject Trump ultimatum Khamenei says not kneel before enemy
