(truevisionnews.com) മുഖം തിളക്കമുള്ളതായിരിക്കാൻ ആഗ്രഹിക്കാത്തവരായി ആരുണ്ട്! എന്നാൽ മുഖം എപ്പോഴും തിളക്കമുള്ളതായി ഇരിക്കൽ അത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യമായ സ്കിൻ കെയർ റുട്ടീൻ ഇതിനാവശ്യമാണ്.

അതുപോലെ തന്നെ നമ്മുടെ മറ്റ് ജീവിതരീതികളും ചർമ്മത്തിൻറെ ആരോഗ്യത്തെയും അഴകിനെയുമെല്ലാം പോസിറ്റീവ് ആയും നെഗറ്റീവ് ആയും സ്വാധീനിക്കാറുണ്ട്. ജീവിതരീതികളിൽ തന്നെ ഏറ്റവും പ്രധാനം ഭക്ഷണം ആണെന്ന് പറയാം.
ചർമ്മത്തിന് ഗുണകരമല്ലാത്ത ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലൂടെയും ഗുണകരമായവ ഡയറ്റിലുൾപ്പെടുത്തുന്നതിലൂടെയുമെല്ലാം ചർമ്മത്തിൻറെ ആരോഗ്യവും അഴകും നമുക്ക് കാത്തുസൂക്ഷിക്കാൻ ഒരളവ് വരെ സാധിക്കും.
ഇത്തരത്തിൽ മുഖചർമ്മം തിളക്കമുള്ളതാക്കി വയ്ക്കാൻ നമ്മെ സഹായിക്കുന്ന നല്ലൊരു വിഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മറ്റൊന്നുമല്ല, ക്യാരറ്റ് കൊണ്ട് തയ്യാറാക്കുന്നൊരു സിമ്പിൾ സലാഡ് ആണിത്.
ഇത് തയ്യാറാക്കാനും വളരെ എളുപ്പമാണ്. ക്യാരറ്റിന് പലവിധ ആരോഗ്യഗുണങ്ങളും ഉള്ളതാണ്. ഇതിലുള്ള വൈറ്റമിൻ എ (റെറ്റിനോൾ എന്നും പറയാം) ചർമ്മത്തിന് അവശ്യം വേണ്ട ഘടകമാണ്.
അതിനാലാണ് പല സ്കിൻ കെയർ ഉത്പന്നങ്ങളിലും റെറ്റിനോൾ ഒരു പ്രധാന ഘടകമാകുന്നത്.
ചർമ്മകോശങ്ങളുടെ ഉത്പാദനത്തിനും, ചർമ്മത്തിലെ രോമകൂപങ്ങൾ അഴുക്കടിയാതെ കൂട്ടിച്ചേർക്കുന്നതിനും, കേടായ കോശങ്ങൾ പൊഴിച്ചുകളയുന്നതിനും, ചർമ്മത്തിന് അവശ്യം വേണ്ടുന്ന കൊളാജെൻ എന്ന പ്രോട്ടീൻറെ ഉത്പാദനത്തിനുമെല്ലാം വൈറ്റമിൻ എ ആവശ്യമായി വരുന്നു.
ചർമ്മത്തിൽ വീഴുന്ന ചുളിവുകളും വരകളുമെല്ലാം ഒരളവ് വരെ പരിഹരിക്കുന്നതിനും ചർമ്മം 'ഫ്രഷ്' ആയി കാണപ്പെടുന്നതിനും എല്ലാമിത് സഹായിക്കുന്നു. ഇക്കാരണം കൊണ്ടാണ് ക്യാരറ്റ് ചർമ്മത്തിന് ഏറെ ഗുണകരമാകുന്നത്. ഇനി, എങ്ങനെയാണ് ക്യാരറ്റ് സലാഡ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
രണ്ടോ മൂന്നോ ക്യാരറ്റ് തൊലിയൊക്കെ കളഞ്ഞ് വൃത്തിയാക്കിയെടുത്ത് ചെറുതായി മുറിക്കണം. ഇതിലേക്ക് ഒരു ടീസ്പൂൺ ചെറുനാരങ്ങാനീരോ, ഒരു ടീസ്പൂൺ വിനാഗിരിയോ ചേർക്കണം.
ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർക്കാം. അൽപം സീ സോൾട്ടും, എള്ളും കൂടി വിതറിയിട്ടാൽ സലാഡ് തയ്യാർ. ഇത് ഉച്ചയ്ക്കോ രാത്രിയോ എല്ലാം കഴിക്കാം. ക്യാരറ്റ് സലാഡ് ദിവസവും ഡയറ്റിലുൾപ്പെടുത്താനായാൽ തീർച്ചയായും ഇതിൻറെ മാറ്റം ചർമ്മത്തിൽ കാണാൻ സാധിക്കും.
#Carrot #salad #brighten #face #prepare
