വിയറ്റ്നാമിലെ റോഡുകളിൽ ഏകദേശം 45 ദശലക്ഷം സ്കൂട്ടറുകൾ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത് . സ്കൂട്ടർ ഓടിക്കാത്ത മനുഷ്യർ ആ നാട്ടിലില്ലെന്നു തന്നെ പറയാം. വിയറ്റ്നാമിന്റെ ദൈനംദിന ജീവിതത്തിന്റെ അടിത്തറയാണ് സ്കൂട്ടർ. ദൂരെ നിന്നു നോക്കുമ്പോൾ തെരുവുകൾ താറുമാറായി കിടക്കുന്നതായി തോന്നാം. ട്രാഫിക് സിഗ്നലുകളോ സൈൻ ബോർഡുകളോ കാര്യമാക്കാതെ സ്കൂട്ടറുകൾ എല്ലാ ദിശകളിൽ നിന്നും തലങ്ങും വിലങ്ങും പോകുന്നതു കാണാം. അതിലേതെങ്കിലും ഒന്നിനെ നിയന്ത്രിക്കാൻ ആരെങ്കിലും ശ്രമിക്കുന്നതുപോലും വളരെ അപൂർവ്വമായിട്ടായിരിക്കും. എന്നാൽ സ്വന്തമായി ഒരു ഇരുചക്രവാഹനം എടുത്ത് ആ നഗരവീഥികളിലൂടെ ഒന്ന് ഓടിച്ചാൽ മാത്രമേ ആ താളം തിരിച്ചറിയാനാകു. ഒരു സ്കൂട്ടർ വാടകയ്ക്ക് എടുക്കുന്നതു തന്നെയാണ് വിയറ്റ്നാം കാണാനുള്ള ഏറ്റവും നല്ല മാർഗം.
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/6778b7de7cf22_ad-image.jpg)
ഹോചി മിൻ
ഒൻപത് ദശലക്ഷം ആളുകളും എട്ട് ദശലക്ഷം മോട്ടോർ ബൈക്കുകളുമുള്ള വിയറ്റ്നാമിന്റെ പ്രധാന നഗരമാണ് ഹോ ചി മിൻ. മുമ്പ് സൈഗോൺ എന്നറിയപ്പെട്ടിരുന്ന, തെക്കൻ വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റി, രാജ്യത്തിന്റെ ഏറ്റവും വലിയ നഗരവും സാമ്പത്തിക സാംസ്കാരിക തലസ്ഥാനവുമാണ്. ഉയരം കൂടിയ അംബരചുംബികളായ കെട്ടിടങ്ങൾക്കും ഷോപ്പിങ് മാളുകൾക്കുമൊപ്പം അലങ്കരിച്ച ക്ഷേത്രങ്ങളും വിവിധ വിശ്വാസങ്ങളുടെ പഴയ ആരാധനാലയങ്ങളും ഇവിടെ കാണാം. ഇവിടുത്തെ സ്ട്രീറ്റ് ഫുഡ് ലോകപ്രശസ്തമാണ്. നഗരത്തിൽ നിന്നും ഒരു സ്കൂട്ടർ വാടകയ്ക്ക് എടുത്ത് കു ചിയിലെ വിയറ്റ് കോങ് തുരങ്കങ്ങൾ, ടെയ് നിൻഹിലെ മനോഹരമായി അലങ്കരിച്ച കാവോ ഡായി കത്തീഡ്രൽ എന്നിവയിലേക്ക് ഒരു യാത്ര നടത്തുക. ഹോ ചി മിൻ സിറ്റിയുടെ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മെകോങ് ഡെൽറ്റയാണ് കാണേണ്ട ഒരു പ്രധാന തീരം.
ഹനോയി
ഗതാഗതക്കുരുക്കിൽ നിറഞ്ഞതാണെങ്കിലും അതിമനോഹരവുമായൊരു നഗരമാണ്. ചുവന്ന നദിയുടെ തീരത്തു സ്ഥാപിച്ച ആയിരം വർഷം പഴക്കമുള്ള തടാകങ്ങളുടെ നഗരം, ചരിത്രവും ആകർഷണീയതയും മ്യൂസിയങ്ങളും ഷോപ്പുകളും മാർക്കറ്റുകളും അതിശയകരമായ തെരുവു ഭക്ഷണങ്ങളും കൊണ്ടു നിറഞ്ഞതാണ്. നഗരത്തിന്റെ ഹൃദയഭാഗമായ ഓൾഡ് ക്വാർട്ടർ സന്ദർശിക്കാൻ മറക്കരുത്, അവിടെ നിങ്ങൾക്കു ധാരാളം ഭക്ഷണസാധനങ്ങളും ഹോട്ടലുകളും ക്ഷേത്രങ്ങളും സ്ട്രീറ്റ് ഷോപ്പുകളും കാണാം. ഓച്ചർ-ഹ്യൂഡ് ഫ്രഞ്ച് കൊളോണിയൽ വില്ലകൾ, ഹോ ചി മിന്നിന്റെ ശവകുടീരം, ടെമ്പിൾ ഓഫ് ലിറ്ററേച്ചർ, ഹോവാ ലോയിലെ "ഹനോയ് ഹിൽട്ടൺ" ജയിൽ മ്യൂസിയം, വിയറ്റ്നാം മ്യൂസിയം ഓഫ് എത്നോളജി എന്നിവയും ഇവിടുത്തെ കാഴ്ചകളാണ്. ഹാ ജിയാങ് വിയറ്റ്നാമിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള പ്രദേശമാണ്.
ഹാ ജിയാങ്
ചൈനയുമായുള്ള അതിർത്തിയിലാണിത്. ഇത് ഷുഗർലോഫ് കൊടുമുടികൾ, പർവതപാതകൾ, കുത്തനെയുള്ള പർവതങ്ങളിൽ കൊത്തിയെടുത്തതുപോലെയുള്ള നെൽപ്പാടങ്ങൾ എന്നിവയുടെ മറ്റൊരു ലോകമാണ്. റെഡ് ഡിസാവോ, ഫ്ലവർ മോങ്, മറ്റ് പ്രാദേശിക ന്യൂനപക്ഷങ്ങൾ, മാർക്കറ്റുകൾ, ഇക്കോ-സ്റ്റേകൾ, നെയ്ത്ത് പോലുള്ള കാലാതീതമായ പാരമ്പര്യങ്ങളുടെ ഒരു ഗ്രാമീണ ലോകത്തേക്ക് ഒരു ജാലകം കൂടിയാണ് ഈ പർവത ഗ്രാമം. ഇവിടെയെത്തിയാൽ കറുപ്പ് കൃഷിയിൽ നിന്നു വരുമാനം നേടിയ മോങ് രാജാവിന്റെ കൊട്ടാരം കാണാതെ പോകരുത്. ഏറ്റവും ചെലവുകുറച്ചും സ്വന്തം രീതിയിലും ഇവിടം കണ്ടാസ്വദിക്കാൻ ഏറ്റവും നല്ല മാർഗം സ്കൂട്ടർ യാത്ര തന്നെയാണ്.
ഹോയ് ആൻ
വിനോദസഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരിക്കുന്ന വിയറ്റ്നാമിലെ ഏറ്റവും തിരക്കേറിയ ഇടങ്ങളിലൊന്നാണ് ഹോയ് ആൻ. പുരാതന തുറമുഖമായ ഹോയി ആൻ ചൈനീസ് ക്ഷേത്രങ്ങളും വലിയ കച്ചവട സ്ഥാപനങ്ങളും നൂറുകണക്കിനു തയൽക്കാരും കരകൗശല കടകളും കൊണ്ടു നിറഞ്ഞിരിക്കുന്നു. ആകർഷകമായ ഈ മഞ്ഞ പട്ടണം ചരിത്രവും മാന്ത്രിക ഓർമകൾ സൃഷ്ടിക്കാനുള്ള അവസരങ്ങളും നിറഞ്ഞതാണ്. പഴയ-ലോക വാസ്തുവിദ്യ, കല്ലു പാകിയ തെരുവുകൾ, വർണാഭമായ വിളക്കുകൾ കൊണ്ട് അലങ്കരിച്ച വ്യതിരിക്തമായ മഞ്ഞ ഷോപ്പ്... എന്നിവയാൽ വിയറ്റ്നാമിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നായി ഹോയി ആൻ കണക്കാക്കപ്പെടുന്നതിൽ അതിശയിക്കാനില്ല.
#Vietnam #Wheels #Enjoy #scooter #trip #Vietnam #Tourists #this
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)