കൊല്ലം: (truevisionnews.com) സംസ്ഥാന കലോത്സവ വേദിയിൽ തട്ടമിട്ട് വേദഭാഷയിൽ കഥ പറഞ്ഞ് കയ്യടിയും ഹൈസ്‌ക്കൂൾ വിഭാഗം ചമ്പുഭാഷണത്തിൽ എ ഗ്രേഡും നേടി വിജയിയായിരിക്കുകയാണ് തിരുവനന്തപുരം വിതുര ഗവ. വിഎച്ച്എസ്എസിലെ എൻ.എ ആമിന എന്ന മിടുക്കി.
ആദ്യമായി സംസ്ഥാന കലോത്സവ വേദിയിൽ എത്തി സംസ്‌കൃതത്തിൽ ഭഗത് സിംഗിന്റെ കഥപറഞ്ഞ് വിജയിയായതിന്റെ സന്തോഷത്തിലാണ് ഈ എട്ടാം ക്ലാസുകാരി. മുസ്ലീം സമുദായത്തിൽ നിന്നും സംസ്‌കൃത ഭാഷ പഠന വിഷയമായി തെരഞ്ഞെടുക്കുന്നതും സംസ്‌കൃത കലമത്സരങ്ങളിൽ പങ്കെടുക്കുന്നതും അപൂർവ്വം.
എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ആമിനയും കുടുംബവും. ഒന്നാം ക്ലാസു മുതൽ പ്രസംഗവുമായി സ്‌കൂൾ കലാമേളകളിൽ നിറഞ്ഞ് നിന്ന ആമിന ഹൈസ്‌ക്കൂളിൽ രണ്ടാം ഭാഷയായി സംസ്‌കൃതം എടുത്തതോടെയാണ് സംസ്‌കൃതം കഥാപ്രസംഗമെന്ന ചമ്പുഭാഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
അന്യഭാഷകളിൽ ആമിന ആദ്യമായല്ല മത്സരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ജില്ല സ്‌ക്കൂൾ കലോത്സവത്തിൽ തമിഴ് പദ്യത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിരുന്നു. കൂടാതെ പ്രസംഗം സംസ്‌കൃത നാടകത്തിലും മത്സരിച്ചിരുന്നു. പുതിതൊരു ഭാഷ സ്വായത്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്‌കൃതം തെരഞ്ഞെടുത്തതെന്നും തന്റെ വിദ്യാലയത്തിൽ 60 ൽ പരം വിദ്യാർത്ഥികൾ സംസ്‌കൃതം ഉപഭാഷയായി തെരഞ്ഞെടുത്ത് പഠിക്കുന്നുണ്ടെന്നും ആമിന പറഞ്ഞു.
എസ് എസ്എൽസിക്ക് പഠിക്കുന്ന ആമിനയുടെ സഹോദരിയും ഉപഭാഷയായി തെരഞ്ഞെടുത്തത് സംസ്‌കൃതം തന്നെയാണ്. വിതുരയിലെ ഓട്ടോ ഡ്രൈവറായ അബ്ദുൾ ജലീലിന്റെയും നിജബീഗത്തിന്റെയും മകളാണ് ആമിന. മകളുടെ ബഹുഭാഷാ പ്രേമത്തിന് പിന്തുണയുമായി ഇരുവരും കൂടെയുണ്ട്.
#Amina #Vitura #became #winner #telling #story #Sanskrit