കോഴിക്കോട്: (truevisionnews.com) എങ്ങും അലയടിക്കുന്ന താളവും മേളവും. വേദികളിൽ നിറഞ്ഞാടാനൊരുങ്ങി നടന വൈവിധ്യങ്ങൾ. കൗമാര കലാമാമാങ്കത്തിന്റെ താളമേളങ്ങളെ ഹൃദയത്തിലേറ്റു വാങ്ങാൻ പേരാമ്പ്ര വീണ്ടും ഒരുങ്ങി.

62-ആമത് റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാവും. കലയുടെ ഉത്സവത്തിരക്കിലേക്ക് ഇറങ്ങിക്കഴിഞ്ഞു നാടും നഗരവും. 19 വേദികളിലായാണ് കലാകൗമാരം അവരുടെ കഴിവുകൾ തെളിയിക്കാൻ മാറ്റുരയ്ക്കുന്നത്.
കലോത്സവ ഒരുക്കങ്ങൾക്കായി സബ് കമ്മിറ്റികളൊക്കെയും ഒരുങ്ങിക്കഴിഞ്ഞു. വിപുലമായ സൗകര്യങ്ങളാണ് കാണികൾക്കും മത്സരാർഥികൾക്കുമായി സംഘാടകർ ഒരുക്കിയിരിക്കുന്നത്.
കലോത്സവത്തിന്റെ ഓരോ വേദികൾക്കും നൽകിയത് മഹാത്മാഗാന്ധിയുടെ സ്മരണകൾ ഉണർത്തുന്ന പേരുകൾ എന്നതും ശ്രദ്ധേയമായിരിക്കുകയാണ്.
പേരാമ്പ്ര എച്ച്എസ്എസ് മൈതാനത്തെ പ്രധാന വേദി സബർമതിയും സ്‌കൂളിൽ തന്നെയുള്ള രണ്ടാംവേദി ഫീനിക്സും മൂന്നാം വേദി ധരാസനയുമാണ്.
പേരാമ്പ്ര ടൗൺഹാളിലെ നാലാംവേദിക്ക് സേവാഗ്രാമെന്നും ഇറിഗേഷൻ ഓഫീസ് പരിസരത്തെ അഞ്ചാം വേദിക്ക് ടോൾസ്റ്റോയി ഫാമെന്നും പേരു നൽകി.
വൈക്കം, ഗുരുവായൂർ, ബോംബെ, നവഖാലി, രാജ്ഘട്ട്, പയ്യന്നൂർ, പാക്കനാർപുരം, വടകര, അഹമ്മദാബാദ്, ചമ്പാരൻ, പീറ്റർമാരിസ് ബർഗ്, അമൃത്സർ ബൽഗാം, ഖേദ എന്നിങ്ങനെയാണ് മറ്റുവേദികളുടെ പേരുകൾ.
ഹരിത ചട്ടംപാലിച്ച് നടപ്പിലാക്കുന്ന കലോത്സവത്തിന്റെ വളണ്ടിയർമാർ പ്രധാനമായും ജില്ലയിലെ എൻഎസ്എസ്, എൻസിസി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് അംഗങ്ങളായിരിക്കും.
കലോത്സവത്തിന്റെ അഞ്ച് ദിനരാത്രങ്ങൾ ഉത്സവത്തിലാറാടിക്കാൻ അരയും തലയും മുറുക്കി അവരങ്ങനെ നിറഞ്ഞ് നിൽക്കും 19 വേദികളിൽ. മത്സരാർഥികളെയും അധ്യാപകരെയും വിധികർത്താക്കളെയും കലാസ്വാദകരെയും വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു പേരാമ്പ്ര.
#heavenly #spring #Adolescent #artists #Perampra
