(truevisionnews.com) തേങ്ങ അരയ്ക്കാതെ തന്നെ കിടിലൻ ഗ്രീൻ പീസ് കറി എളുപ്പത്തിൽ തയാറാക്കാം. പുട്ട്, അപ്പം, ദോശ എന്നിവയുടെ കൂടെ കൂട്ടി കഴിക്കാവുന്ന ഒരു ഉഗ്രൻ കറി.

ചേരുവകൾ
ഗ്രീൻ പീസ് - 1 കപ്പ്
കാരറ്റ് - 1 കപ്പ്
ഉരുളക്കിഴങ്ങ് - 1 കപ്പ്
പച്ചമുളക് - 3 എണ്ണം
സവാള - 1 എണ്ണം
ഇഞ്ചി പൊടിയായി അരിഞ്ഞത് - 1 ടീസ്‌പൂൺ
പട്ട - ചെറിയ കഷ്ണം
ഗ്രാമ്പു - 3 എണ്ണം
ഏലയ്ക്ക - 3 എണ്ണം
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
കുരുമുളക് പൊടി - 1/2 ടീസ്‌പൂൺ
ഗരം മസാല - 1/2 ടീസ്‌പൂൺ
പെരുംജീരകപ്പൊടി - 1/4 ടീസ്‌പൂൺ
കറിവേപ്പില
വെളിച്ചെണ്ണ - 4 ടീസ്‌പൂൺ
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഗ്രീൻ പീസ് ഒരു 8 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. അതിനുശേഷം നന്നായി കഴുകി ഒരു പ്രഷർ കുക്കറിൽ ഗ്രീൻ പീസ്, കാരറ്റ്, ഉരുളക്കിഴങ്ങ്, കറിവേപ്പില, ഒരു ടീസ്‌പൂൺ വെളിച്ചെണ്ണ എന്നിവ ഇട്ട് കഷ്‌ണത്തിന് ഒപ്പം വെള്ളവും ഒഴിച്ച് മൂന്നോ നാലോ വിസിൽ വരുന്നത് വരെ വേവിക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കറുവാപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക എന്നിവ വഴറ്റുക. അതിലേക്ക് അരിഞ്ഞ ഇഞ്ചി ഇട്ട് ഒന്ന് വഴറ്റുക. അതിനുശേഷം സവാള, പച്ചമുളക് എന്നിവ കുറച്ച് ഉപ്പും ചേർത്ത് ഗോൾഡൻ കളർ ആകുന്നതു വരെ വഴറ്റുക.
അതിലേക്ക് മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവ ഇട്ട് ഇളക്കിയ ശേഷം വേവിച്ച പീസ് ഇട്ട് കൊടുക്കുക. അതിലേക്ക് ഗരം മസാല, പെരുംജീരകം പൊടിച്ചത് ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് നന്നായി തിളപ്പിക്കുക.
ഒന്ന് കുറുകി വന്നാൽ കറിവേപ്പിലയും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ഒഴിച്ച് ഇളക്കുക. രുചികരമായ ഗ്രീൻ പീസ് കറി തയ്യാറായി.
#nice #greenpeas #curry #tomorrow #morning
