കൊല്ലം : (truevisionnews.com) ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പത്മകുമാറിന്റെ ഭാര്യയ്ക്കും മകള്‍ക്കും കുറ്റകൃത്യത്തില്‍ പങ്കെന്ന് കണ്ടെത്തല്‍. തട്ടിക്കൊണ്ട് പോകലിനായി ഒരു വര്‍ഷം നീണ്ട പ്ലാനാണ് പത്മകുമാറിന്റെ കുടുംബം തയാറാക്കിയിരുന്നത്. 10 ലക്ഷം രൂപ ആവശ്യപ്പെടാനായിരുന്നു തീരുമാനം.

10ലക്ഷം രൂപ നല്‍കിയാല്‍ കുട്ടിയെ നല്‍കാമെന്ന് പേപ്പറില്‍ എഴുതി വെച്ചു. എന്നാൽ തട്ടിക്കൊണ്ട് പോകുന്ന സമയം സഹോദരന്റ കൈയ്യില്‍ ഈ പേപ്പര്‍ നല്‍കാന്‍ കഴിഞ്ഞില്ല. കുടുംബത്തെ കടുത്ത സാമ്പത്തിക പ്രശ്‌നം അലട്ടിയിരുന്നതിനാൽ ആണ് മോചനദ്രവ്യത്തിനായി ഇവര്‍ ഈ കുറ്റകൃത്യം ചെയ്തതെന്നാണ് വിവരം. പത്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവര്‍ കേസില്‍ പ്രതികളെന്ന് പൊലീസ് പറഞ്ഞു.
നെടുങ്കോലം സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്തത് തിരിച്ചടയ്ക്കാന്‍ കഴിയാതെ പത്മകുമാറും കുടുംബവും ബുദ്ധിമുട്ടിയിരുന്നെന്നും വിവരമുണ്ട്. എന്നാല്‍ 10 ലക്ഷം രൂപ കണ്ടെത്താന്‍ കുട്ടിയെ തട്ടിക്കൊണ്ട് പോകാമെന്ന് തീരുമാനിച്ച യുക്തി പൊലീസിന് മനസിലാകുന്നില്ല. അതിനാല്‍ തന്നെ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുകയാണ് പൊലീസ്.
കുട്ടിയുടെ അച്ഛന്‍ റെജിയോട് തനിക്ക് തോന്നിയ വൈരാഗ്യമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പത്മകുമാര്‍ ഇപ്പോള്‍ പൊലീസിനോട് പറഞ്ഞത്. മകളുടെ നഴ്‌സിംഗ് പഠനത്തിന് റെജിക്ക് പണം നല്‍കിയിരുന്നു. തിരികെ ചോദിച്ചപ്പോള്‍ ധാര്‍ഷ്ട്യം കാണിച്ചു. ഇത് തിരികെ പിടിക്കാനുള്ള ശ്രമമായിരുന്നു തട്ടിക്കൊണ്ടുപോകലെന്നും പത്മകുമാര്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ പത്മകുമാര്‍ പറഞ്ഞത് പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
അഞ്ച് ലക്ഷം രൂപ റെജിയ്ക്ക് കൈമാറിയെന്നാണ് പത്മകുമാര്‍ പറയുന്നത്. കുട്ടിയെ പാര്‍പ്പിച്ചതായി കണ്ടെത്തിയ ചിറക്കരയിലെ വീടുമായി ബന്ധപ്പെട്ട് പത്മകുമാര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ ഉള്‍പ്പെടെ വൈരുധ്യമുണ്ട്.മാത്രമല്ല കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഒപ്പമുണ്ടായിരുന്നവര്‍ ആരെന്നും ഇയാള്‍ വ്യക്തമാക്കിയിട്ടില്ല.
വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ കുട്ടി കഷണ്ടിയുള്ള മാമന്‍ എന്ന് വിശേഷിപ്പിച്ചയാള്‍ പത്മകുമാര്‍ തന്നെയാണന്നെ് ആറുവയസുകാരി സ്ഥിരീകരിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ കുട്ടിയുടെ വീട്ടിലെത്തി 11 ചിത്രങ്ങളാണ് കുട്ടിയെ കാണിച്ചത്. പത്മകുമാറിനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീകളുടെ ചിത്രങ്ങള്‍ കുട്ടി തിരിച്ചറിഞ്ഞില്ലെങ്കിലും പത്മകുമാറിന്റെ കളര്‍ചിത്രങ്ങള്‍ കാണിച്ചുടന്‍ തന്നെ കുട്ടി ഇതാണ് താന്‍ പറഞ്ഞ കഷണ്ടിയുള്ള മാമനെന്ന് പൊലീസുകാരെ അറിയിച്ചു.
Kidnapping incident in Oyur; Role for Padmakumar's wife and daughter
