പത്തനംതിട്ട: (truevisionnews.com) തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി ശബരിമല വികസനത്തെയും ബാധിക്കുന്നു. മതിയായ ഫണ്ടില്ലാത്തതിനാൽ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയ അഞ്ച് പദ്ധതികളാണ് മുടങ്ങിയത്.

മാളികപ്പുറം മേൽപ്പാലം, പുതിയ അരവണ പ്ലാന്റ്, കുന്നാർ തടയണയിൽ നിന്നുള്ള പൈപ്പ് ലൈൻ, നിലയ്ക്കൽ സുരക്ഷ ഇടനാഴി, പമ്പ പാലം എന്നിങ്ങനെ അഞ്ച് പുതിയ പദ്ധതികളാണ് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി നടപ്പിലാക്കാൻ തീരുമാനിച്ചത്.
അതിവേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയക്കി ഇക്കൊല്ലം പണികൾ തുടങ്ങാനായിരുന്നു ആലോചന. എന്നാൽ ചെലവഴിക്കാൻ പണം ഇല്ലാതെ ബുദ്ധിമുട്ടുകയാണ് ബോർഡ്. നിർദിഷ്ട മാളികപ്പുറം - ചന്ദ്രാനന്ദൻ റോഡ് മേൽപ്പാലത്തിന്റെ രൂപ രേഖയും എസ്റ്റിമേറ്റും തയ്യാറാക്കാൻ പൊതുമേഖല സ്ഥാപനമായ കെല്ലിനെ ചുമതലപ്പെടുത്തി.
കെൽ മുൻകൂർ പണം ആവശ്യപ്പെട്ടതോടെ അവരെ ഒഴിവാക്കി കേന്ദ്ര സർക്കാർ സ്ഥാപനമായ വാപ്കോസിനെ ഏൽപ്പിച്ചു. പക്ഷെ തുടർനടപടികളുണ്ടായില്ല.
പമ്പ പാലത്തിന്റെ രൂപ രേഖ തയ്യാറാക്കാൻ ഏൽപ്പിച്ചത് ബെംഗളൂരു ആസ്ഥാനമായ സ്പേസ് ആർക്കിനെ, ആദ്യ ഘട്ടത്തിൽ 15 കോടി രൂപയും അനവദിച്ചു. ആവശ്യമായ മുഴുവൻ തുക വകയിരുത്താതിനാൽ ടെണ്ടർ നടപടികൾ നടന്നില്ല.
പുതിയ അപ്പം അരവണ പ്നാന്റിന് വകയിരുത്തിയത് 15 കോടി രൂപ, ആദ്യ ഘട്ടമായി ആറ് കോടി അനുവദിച്ചു. അവിടെയും പിന്നീട് ഒന്നും നടന്നില്ല. കുന്നാർ തടയണയിൽ നിന്ന് വെള്ളം എത്തിക്കാൻ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാൻ 2 കോടി അനവദിച്ചത് കഴിഞ്ഞ വർഷം.
രണ്ടര കിലോമീറ്റർ മാത്രം ദൂരമുള്ള പൈപ്പ്ലൈന്റെയും പണി തുടങ്ങിയില്ല. എട്ട് കോടി ചെലവിൽ നിർമ്മിക്കുന്ന നിലയ്ക്കൽ സുരക്ഷ ഇടനാഴിക്കും ആദ്യ ഘട്ട ഫണ്ട് അനുവദിച്ചതിൽ മാത്രം ഒതുങ്ങി.
കഴിഞ്ഞ തീർത്ഥാടനകാലത്ത് 360 കോടി രൂപയായിരുന്നു ബോർഡിന്റെ വരുമാനം. എന്നാൽ അതിന് മുമ്പുണ്ടായ യുവതി പ്രവേശം, പ്രളയം, കൊവിഡ് തുടങ്ങിയവ വരുമാനത്തെ ബാധിച്ചിരുന്നു. ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും കൂടി ആകുമ്പോൾ നീക്കിയിരിപ്പില്ലെന്ന് ദേവസ്വം ബോർഡ് ആവർത്തിക്കുകയാണ്
#financialcrisis #Five #projects #included #Sabarimala #master #plan #stalled
