പയ്യന്നൂര്‍: (truevisionnews.com) കരിവെള്ളൂരിലെ നവവധുവിന്റെ 30 പവൻ സ്വർണാഭരണങ്ങള്‍ കവർന്ന കേസിൽ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കൂത്തുപറമ്പ് വേങ്ങാട് സ്വദേശിനി എ.കെ. വിപിനിയെയാണ് (46) പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പ്രതിയെ കണ്ണൂർ വനിതാ ജയിലിലേക്ക് മാറ്റി. പയ്യന്നൂർ എസ്.ഐ പി. യദുകൃഷ്ണനും സംഘവുമാണ് വിപിനിയെ പിടികൂടിയത്.

ദിവസങ്ങൾക്കുശേഷം വീടിനുസമീപം ആഭരണങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെയാണ് മോഷ്ടാവ് പിടിയിലായത്. എസ്.ഐ പി. യദുകൃഷ്ണനും സംഘവും യുവതിയുടെ ഭർത്താവിന്റെ കരിവെള്ളൂരിലെ വീട്ടിലെ ബന്ധുക്കളെ സ്റ്റേഷനിൽ വിളിപ്പിച്ച് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് മോഷ്ടാവിനെക്കുറിച്ച് വ്യക്തത വന്നത്. സ്വർണം കണ്ടപ്പോൾ ഭ്രമം തോന്നി മോഷ്ടിച്ചതാണെന്നും കേസായതോടെ തിരികെ കൊണ്ടുവെച്ചതാണെന്നും ഇവർ പൊലീസിനോട് പറഞ്ഞു.
തിരുവനന്തപുരത്തും കൊല്ലത്തും പോയ പൊലീസ് സംഘം തിരിച്ചെത്തിയതോടെ മോഷ്ടാവ് കഴിഞ്ഞ ദിവസം രാത്രിയിൽ ആഭരണങ്ങൾ വീടിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. നിരവധി ഫോൺ കോളുകൾ പരിശോധിച്ചതിൽനിന്നാണ് പ്രതിയിലേക്ക് പൊലീസ് എത്തിച്ചേർന്നത്. മേയ് ഒന്നിന് വൈകീട്ട് ആറിനും രണ്ടാം തീയതി രാത്രി ഒമ്പതിനുമിടയിലാണ് കരിവെള്ളൂര്‍ പലിയേരിയിലെ എ.കെ. അര്‍ജുന്റെ ഭാര്യ കൊല്ലം തെക്കേവിള സ്വദേശിനി ആര്‍ച്ച എസ്. സുധിയുടെ 30 പവന്റെ ആഭരണങ്ങള്‍ മോഷണം പോയത്.
വിവാഹ ദിവസം വീടിന് മുകള്‍ നിലയിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച മൂന്ന് മാല, ഒമ്പത് വളകൾ എന്നീ ആഭരണങ്ങളാണ് മോഷണം പോയത്. 20 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടുവെന്ന നവവധുവിന്റെ പരാതിയില്‍ കേസെടുത്ത പയ്യന്നൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഡോഗ്‌സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തിയെങ്കിലും പുരോഗതിയുണ്ടായില്ല.
അന്ന് വിവാഹ ചടങ്ങിനെത്തിയ യുവതിയുടെ കൊല്ലത്തെ ബന്ധുക്കളെയും ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്ഥാപനത്തിലെ സുഹൃത്തുക്കളെയും കണ്ടെത്തി പൊലീസ് സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. വിവാഹത്തില്‍ പങ്കെടുത്ത നാട്ടുകാരില്‍ പലരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പൊലീസ് വീണ്ടും സംഭവസ്ഥലത്തെത്തിയപ്പോഴാണ് സ്വർണാഭരണങ്ങള്‍ അടങ്ങിയ കവർ കണ്ടെത്തിയത്.
kannur court remanded accused groom's relative.
