കൊല്‍ക്കത്ത: (truevisionnews.com) ദമ്പതിമാരെയും രണ്ടുമക്കളെയും ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പശ്ചിമബംഗാളിലെ ഖര്‍ദാഹ് സ്വദേശിയായ ബൃന്ദാബന്‍ കര്‍മാക്കര്‍(52) ഭാര്യ ദേബശ്രീ, മകള്‍ ദേബലീന(17) മകന്‍ ഉത്സഹ(എട്ട്) എന്നിവരെയാണ് ഖര്‍ദാഹിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടത്.

ഭാര്യയെയും രണ്ടുമക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥനായ ബൃന്ദാബന്‍ ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ നിഗമനം.
ഞായറാഴ്ച ഫ്‌ളാറ്റില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലെ ജീവനക്കാരും അയല്‍ക്കാരും വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസെത്തി വാതില്‍ തകര്‍ത്ത് അകത്തുകടന്നതോടെയാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ അഴുകിയനിലയില്‍ കണ്ടെത്തിയത്.
സീലിങ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു ബൃന്ദാബന്റെ മൃതദേഹം. ഫ്‌ളാറ്റിനുള്ളിലെ വിവിധയിടങ്ങളിലായാണ് മറ്റുമൂന്നുപേരെയും മരിച്ചനിലയില്‍ കണ്ടത്.
ഞായറാഴ്ച രാവിലെ അപ്പാര്‍ട്ട്‌മെന്റിലെ പമ്പ് ഓപ്പറേറ്റര്‍ താക്കോല്‍ വാങ്ങാനായി ബൃന്ദാബന്റെ ഫ്‌ളാറ്റില്‍ എത്തിയിരുന്നു. എന്നാല്‍ നിരവധിതവണ കോളിങ് ബെല്ലടിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഇതിനിടെ ഫ്‌ളാറ്റില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതായും ജീവനക്കാരന്‍ പറഞ്ഞിരുന്നു.
തുടര്‍ന്ന് പമ്പ് ഓപ്പറേറ്റര്‍ അയല്‍ക്കാരെയും പ്രദേശത്തെ കൗണ്‍സിലറെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് വാതില്‍ തകര്‍ത്ത് ഫ്‌ളാറ്റിനുള്ളില്‍ പരിശോധന നടത്തിയത്.
ഭാര്യയെയും രണ്ടുമക്കളെയും വിഷം നല്‍കി കൊലപ്പെടുത്തിയശേഷം ബൃന്ദാബന്‍ തൂങ്ങിമരിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ഫ്‌ളാറ്റില്‍നിന്ന് ഇദ്ദേഹം എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഭാര്യയ്ക്ക് മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്നും അത് തനിക്ക് സഹിക്കാന്‍ കഴിയുന്നില്ലെന്നുമാണ് കുറിപ്പില്‍ എഴുതിയിരുന്നത്. സംഭവത്തില്‍ പോലീസിന്റെ അന്വേഷണം തുടരുകയാണ്.
#couple #their #two #children #found #dead #flat.
