കൊൽക്കത്ത : (www.truevisionnews.com) യുവതിയുടെ മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ ഗോബിന്ദപൂരിലാണ് സംഭവം.

മൃതദേഹത്തിന്‍റെ കഴുത്ത് അറുത്തിട്ടുണ്ട്. സൊമയ്യ അക്തർ എന്ന യുവതിയാണ് കൊല്ലപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുംബൈയിലെ ബ്യൂട്ടിപാർലറിൽ ജോലി ചെയ്യുന്ന സൊമയ്യ ബംഗ്ലാദേശ് സ്വദേശിനിയാണെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നാഷർ മിൽസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതി കുറ്റം സമ്മതിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. വയലിലേക്ക് പോയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
മുഖം തിരിച്ചറിയാൻ പറ്റാത്ത വിധം കരിഞ്ഞു പോയിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പശ്ചിമബംഗാളിലെ ക്രമസമാധാന നിലയാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ ആരോപിച്ചു.
"നോർത്ത് 24-പർഗാനാസിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയോട് ചേർന്നുള്ള ഒരു തോട്ടത്തിൽ നിന്ന് കഴുത്തറുത്തും മുഖം തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലുള്ള ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തി.
എന്നാൽ മമത ബാനർജി ഒരു വാക്കുപോലും ഇതേപ്പറ്റി പറയില്ല. ഇതിന് പിന്നിലെ ക്രിമിനലുകൾക്ക് ടി.എം.സിയുമായി ബന്ധമുണ്ടെങ്കിലും അതിശയിക്കാനില്ല. പക്ഷേ, ദാരുണമായ മരണത്തെ നിശബ്ദമായി ശവസംസ്‌കാരം നടത്താനാണ് ശ്രമിക്കുന്നത്"-അദ്ദേഹം എക്‌സിൽ കുറിച്ചു.
അതേസമയം, സംഭവത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
#DEADBODY #body #woman #found #partially #burnt
