(truevisionnews.com) പൊറോട്ടയും ബീഫും മലയാളികൾക്ക് ഒരു വികാരം തന്നെയാണ്. ബീഫ് വിഭവങ്ങൾ എല്ലാം തന്നെ ഏറെ രുചികരമാണ്. ബീഫ് വിഭവങ്ങളിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്ന ഒന്നാണ് ബീഫ് ഫ്രൈ. എളുപ്പത്തിൽ എങ്ങനെ ബീഫ് ഫ്രൈ തയ്യാറാക്കാം എന്ന് നോക്കാം...

ചേരുവകൾ
ബീഫ് - 1 കിലോ
മല്ലിപൊടി - 1 ടേബിൾസ്പൂൺ
മുളകുപ്പൊടി - 1 ടേബിൾസ്പൂൺ
ഇറച്ചി മസാല - 1 ടേബിൾസ്പൂൺ
കുരുമുളകുപൊടി - 1 ടേബിൾസ്പൂൺ
മഞ്ഞൾപൊടി - 1 ടീസ്പൂൺ
ഇഞ്ചി - 1 ഇഞ്ച് കഷണം
വെളുത്തുള്ളി - 5 അല്ലി
ചെറിയ ഉള്ളി (അരിഞ്ഞത്) - 1 കപ്പ്
കറിവേപ്പില - 3 തണ്ട്
തേങ്ങാക്കൊത്ത് - 1/4 കപ്പ്
നെയ്യ് - 3 ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഇറച്ചി ചെറിയ കഷ്ണങ്ങളായി നുറുക്കി, കഴുകി വെള്ളം പൂർണമായി ഒഴിവാക്കുക. ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചെറുതായി അരിയുക. മല്ലിപ്പൊടി, മുളകുപ്പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ഇറച്ചിയിൽ ചേർത്ത് പ്രഷർ കുക്കറിൽ വേവിക്കുക.
ഒരു വിസിൽ അടിച്ച് കഴിയുമ്പോൾ തീ കുറയ്ക്കുക. രണ്ടാമത്തെ വിസിലിനു ശേഷം തീ അണയ്ക്കുക. പ്രഷർ തീരുമ്പോൾ അടപ്പ് തുറന്ന ശേഷം വീണ്ടും വേവിച്ച് ഇറച്ചിയിലെ വെള്ളം മുഴുവനായും വറ്റിക്കുക പാനിൽ നെയ്യ് ചൂടാക്കി അതിലേക്ക് തേങ്ങാകൊത്ത് ചേർത്ത് 2-3 മിനിറ്റ് ഇളക്കുക.
ഇതിലേയ്ക്ക് വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, കറിവേപ്പില, ഉപ്പ് എന്നിവ ഓരോന്നായി ചേർത്ത് ഇളക്കുക. ഗോൾഡൻ നിറമാകുമ്പോൾ ഒരു ടേബിൾസ്പൂൺ മീറ്റ് മസാല ചേർത്ത് ഒരു മിനിറ്റ് ഇളക്കുക.
ഇതിലേയ്ക്ക് വേവിച്ച ഇറച്ചി ചേർത്ത് ഇടവിട്ട് ഇടവിട്ട് ഇളക്കി നന്നായി വരട്ടിയെടുക്കുക. പിന്നീട് ഒരു ടേബിൾസ്പൂൺ കുരുമുളകുപൊടി ചേർത്തിളക്കുക. മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റി മല്ലിയിലയും സവാള അറിഞ്ഞതും കൊണ്ട് അലങ്കരിക്കാം.
#today #make #beeffry
