(www.truevisionnews.com) ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾ സെമി ഫൈനലിലേക്ക്. മലേഷ്യയ്‌ക്കെതിരായ തങ്ങളുടെ ഉദ്ഘാടന മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് ഇന്ത്യൻ വനിതാ ടീം സെമി ഫൈനലിൽ കടന്നത്.

മലേഷ്യക്ക് ജയിക്കാൻ 174 റൺസ് വേണ്ടിയിരുന്ന മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സിൽ മഴ വെല്ലുവിളിയാവുകയായിരുന്നു. പേസർ പൂജ വസ്ത്രകർ എറിഞ്ഞ രണ്ട് പന്തുകൾ മാത്രമാണ് രണ്ടാം ഇന്നിംഗ്‌സിൽ ഉണ്ടായത്. ടോസ് നേടിയ മലേഷ്യ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതൽ ഇന്ത്യൻ ടീം കൃത്യമായ ആധിപത്യം പുലർത്തി. ബാറ്റിങ് ആരംഭിച്ച ഇന്ത്യ മലേഷ്യയ്ക്ക് ഒരവസരവും നൽകിയില്ല. 16 പന്തിൽ 27 റൺസ് നേടിയ സ്‌മൃതി മന്ഥാന പുറത്തായതിന് ശേഷം ഒത്തുചേർന്ന ഷഫാലി വർമയും, ജമീമ റോഡ്രിഗസും ഇന്ത്യയെ മികച്ച നിലയിലേക്ക് എത്തിച്ചു.
ഇന്നിംഗ്‌സ് അവസാനിക്കുമ്പോൾ വെറും 15 ഓവറിൽ 173 റൺസാണ് ഇന്ത്യ സ്‌കോർ ബോഡിൽ ചേർത്തത്. ഷഫാലി വർമ 39 പന്തിൽ 67 റൺസുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ ജമീമ റോഡ്രിഗസ് 29 പന്തിൽ 47 റൺസുമായി പുറത്താകാതെ നിന്നു.
7 പന്തിൽ 21 റൺസുമായി റിച്ച ഘോഷിന്റെ കൂടി ചേർന്നപ്പോൾ ഇന്നിംഗ്‌സ് പൂർണമായി. മറുപടി ബാറ്റിങിന് ഇറങ്ങിയ മലേഷ്യക്ക് രണ്ട് പന്തുകൾ മാത്രമേ നേരിടാനായുള്ളൂ. മഴയെ തുടർന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു.
#asiangames #AsianGamesCricket #Indianwomen'steam #semi-finals
