മുംബൈ: ( www.truevisionnews.com ) ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് നായകൻ രോഹിത് ശർമ. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായാണ് ഏവരെയും അമ്പരപ്പിച്ച് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യക്കുവേണ്ടി ഇനി ഏകദിന ക്രിക്കറ്റിൽ മാത്രമാകും താരം കളിക്കുക.

’ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കുന്ന വിവരം ഏവരെയും അറിയിക്കാൻ ആഗ്രഹിക്കുന്നു. വെള്ളക്കുപ്പായത്തിൽ രാജ്യത്തിനുവേണ്ടി കളിക്കാനായത് വലിയ അംഗീകാരമാണ്. ഇത്രയുംകാലം നിങ്ങൾ തന്ന സ്നേഹത്തിനും പിന്തുണക്കും നന്ദി. ഇന്ത്യക്കുവേണ്ടി ഏകദിന ക്രിക്കറ്റിൽ തുടരും’ -രോഹിത് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
ഇംഗ്ലണ്ടിൽ നടക്കുന്ന അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര ജൂൺ 20നാണ് ആരംഭിക്കുന്നത്. നേരത്തെ തന്നെ മോശം ഫോമിലുള്ള രോഹിത്തിനെ ടെസ്റ്റ് ടീമിൽനിന്ന് ഒഴിവാക്കിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
2024 ട്വന്‍റി20 ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെ രോഹിത് അന്താരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റിൽനിന്ന് വിരമിച്ചിരുന്നു. ഇനി പുതിയ നായകനു കീഴിലാകും ഇന്ത്യ ടെസ്റ്റ് കളിക്കാനിറങ്ങുക. പേസർ ജസ്പ്രീത് ബുംറ, ശുഭ്മൻ ഗിൽ, ഋഷഭ് പന്ത് എന്നിവർക്കാണ് കൂടുതൽ സാധ്യത.
ഇന്ത്യക്കായി 38കാരനായ രോഹിത് 67 ടെസ്റ്റുകളിൽനിന്ന് 4301 റൺസാണ് നേടിയത്. 12 സെഞ്ച്വറികളും 18 അർധ സെഞ്ച്വറികളും താരത്തിന്‍റെ പേരിലുണ്ട്. രോഹിത്തിന്‍റെ കീഴിലാണ് ഇന്ത്യ കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടിയത്. ഫൈനലിൽ ആസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു.
ന്യൂസിലൻഡിനെതിരെ നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങിയതും ബോർഡർ ഗവാസ്കർ ട്രോഫിയിൽ ആസ്ട്രേലിയയോട് നാണംകെട്ടതും രോഹിത്തിന്‍റെ നായക പദവി തുലാസിലാക്കിയിരുന്നു. രണ്ടു പരമ്പരകളിലും രോഹിത് ബാറ്റിങ്ങിൽ നിരാശപ്പെടുത്തി.
എന്നാല്‍ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തോടെ രോഹിത് തന്നെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലും ടീം ഇന്ത്യയെ നയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം.
Rohit Sharma quits Tests continue ODI India gets new captain for England tour
