കോഴിക്കോട്: ( truevisionnews.com ) മംഗലാട് നിപ ബാധിച്ച് മരിച്ച ഹാരിസിന് വൈറസ് പകര്‍ന്നത് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ സമ്പര്‍ക്കത്തില്‍നിന്നുതന്നെയെന്ന് സ്ഥിരീകരിക്കാന്‍ കഴിയുന്ന നിര്‍ണായകവിവരം ആരോഗ്യവകുപ്പിന് കിട്ടി.

മരുതോങ്കര സ്വദേശി മുഹമ്മദലി മരിച്ചതിന് പിന്നാലെ ഹാരിസ് ഇവരുടെമുറിയില്‍ പോയിരുന്നെന്നും വേണ്ടസഹായങ്ങള്‍ ചെയ്തിരുന്നുവെന്നുമാണ് വിവരം. ഫോണിലൂടെയാണ് ആരോഗ്യവകുപ്പിന് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.
ആശുപത്രിയില്‍നിന്ന് പരിചയപ്പെട്ട തിരുവള്ളൂര്‍ സ്വദേശി മുഖേനയാണ് ഹാരിസ് മരുതോങ്കരയിലെ മുഹമ്മദലി മരിച്ചവിവരം അറിഞ്ഞത്. തുടര്‍ന്ന് മുറിയിലെത്തി ആവശ്യമായ സഹായം നല്‍കി.
ആശുപത്രിയില്‍നിന്ന് മുഹമ്മദലിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഹാരിസിന് നിപ ബാധിച്ചതെന്ന് നേരത്തെ പറയുന്നുണ്ടെങ്കിലും രോഗം പകരുന്നവിധത്തില്‍ ഇവര്‍ അടുത്ത് ബന്ധപ്പെടുന്നതരത്തിലുള്ള സി.സി.ടി.വി. ദൃശ്യങ്ങളോ സാക്ഷിമൊഴികളോ ആരോഗ്യവകുപ്പിന് ലഭിച്ചിരുന്നില്ല.
ഇരുവരും രണ്ട് മിനിറ്റ് മാത്രമാണ് ആശുപത്രിയില്‍ ഒരുമിച്ചുണ്ടായിരുന്നത് എന്നതാണ് സി.സി.ടി.വിയില്‍ നിന്ന് വ്യക്തമായിരുന്നത്. ഇതോടെ മംഗലാടില്‍ത്തന്നെയാണോ ഹാരിസിന്റെ രോഗബാധയുടെ ഉറവിടം എന്ന സംശയവും ഉയര്‍ന്നു.
ഇതിന്റെ ഭാഗമായി ആരോഗ്യസംഘം വീട്ടിലെത്തി വവ്വാല്‍ കടിച്ച അടയ്ക്ക ഉള്‍പ്പെടെ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ശനിയാഴ്ച വീണ്ടും സംഘമെത്തി സാംപിളുകള്‍ ശേഖരിച്ചു.
ഇതിനുപിന്നാലെയാണ് ആശുപത്രിയിലെ അടുത്തസമ്പര്‍ക്കം വെളിവാക്കുന്ന വിവരം ലഭിച്ചത്. ഇതോടെ മംഗലാടില്‍ രോഗത്തിന്റെ ഉറവിടമില്ലെന്ന് ഉറപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ആരോഗ്യവകുപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസമേകുന്ന വിവരമാണിത്.
#nipah #contact #evident #Critical #information #passed #Muhammadali #Haris #DepartmentHealth
