ഓണം എന്നോർക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഓടി വരുന്ന ചിത്രങ്ങളാണ് ഓണപ്പൂക്കളവും ഓണസദ്യയും . എവിടെയെല്ലാം ഓണാഘോഷം നടക്കുന്നു അവിടെയെല്ലാം പൂക്കളും ഓണസദ്യയും ഉണ്ടായിരിക്കും. പണ്ട് കേരളം ഭരിച്ചിരുന്ന അസുര രാജാവായ മഹാബലിയെ മഹാവിഷ്ണുവിന്റെ അവതാരമായ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി.

എല്ലാവർഷവും തന്റെ പ്രജകളെ കാണാൻ അനുവാദവും വാമനൻ നൽകി. അത് പ്രകാരം എല്ലാ വർഷവും ഓണനാളിൽ മഹാബലി തമ്പുരാൻ പ്രജകളെ കാണാൻ വരുമെന്നാണ് ഐതിഹ്യം. ഇങ്ങനെ വരുമ്പോൾ മഹാബലിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളാണ് ഓണപ്പൂക്കളവും കളികളും ഓണസദ്യയുമെല്ലാം.
പണ്ടൊക്കെ ഓണക്കാലമായാൽ നാട്ടിലെ കുട്ടികളെല്ലാവരും കൂടി പൂക്കുടയും ചേമ്പിലയും വാഴയിലയും കൊണ്ട് തൊടികളിലൂടെയും പാടവരമ്പുകളിലൂടെയും നടന്നു പോകുന്ന കാഴ്ചകൾ വളരെ മനോഹരമായിരുന്നു. മാവേലി തമ്പുരാന് ഏറ്റവും ഇഷ്ടപ്പെട്ട തുമ്പപ്പൂക്കൾ പറിക്കാൻ കുട്ടികൾ തമ്മിൽ ബഹളമായിരുന്നു.
തൂവെള്ള നിറത്തിൽ നിൽക്കുന്ന കുഞ്ഞു തുമ്പ പൂക്കളും മണ്ണിൽ നിന്നും ചെറുതായി മാത്രം പൊങ്ങി വരുന്ന മുക്കുറ്റി ചെടിയും തൊട്ടാൽ വാടി പോകുന്ന തൊട്ടാവാടി പൂക്കളും കുട്ടികൾക്കെന്നും കൗതുകമായിരുന്നു. എത്ര വലുതായാൽ പോലും തൊട്ടാവാടി കണ്ടാൽ അതിന്റെ ഇലയൊന്ന് തൊട്ടുനോക്കാൻ കൊതിക്കാത്തവർ ആരും ഉണ്ടാകില്ല.
പാടം നിറയെ നീല പരവതാനി വിരിച്ചതുപോലെ പൂത്ത് കിടക്കുന്ന ലില്ലിപൂക്കളും പറമ്പ് നിറഞ്ഞു നിൽക്കുന്ന കൃഷ്ണകിരീടവും മീനുകൾക്ക് അരികിൽ പൂത്തുനിൽക്കുന്ന ആമ്പലും പിന്നെ തൊടിയിലെ ചെമ്പരത്തിയും തെച്ചിപ്പൂവും കാക്കപ്പൂവും മത്തപ്പൂവും മന്ദാരവുംമെല്ലാം .
ഇവ പറിച്ചെടുത്ത് മനോഹരമായ പൂക്കളങ്ങൾ ഒരുക്കിയിരുന്നു. മണ്ണിന്റെ മുകളിൽ ചാണകം മെഴുകി അതിലായിരുന്നു പൂക്കളം ഒരുക്കിയിരുന്നത്. ഈ കാലഘട്ടത്തിൽ അതെല്ലാം മാറി. തുമ്പയ്ക്കും മുക്കുറ്റിയ്ക്കും അരിപ്പൂവിനും പകരം വാടാമല്ലിയും ചമന്തി പൂക്കളും , പൂക്കളത്തിൽ സ്ഥാനം പിടിച്ചുപറ്റി. തൊടികളിലും പാടത്തും പൂ പറിക്കാൻ പോകുന്നതിന് പകരം മാർക്കറ്റിൽ പോയി പണം കൊടുത്ത് പൂക്കൾ വാങ്ങുന്നു.
ചെറിയ കവറിന് തന്നെ അമ്പതിൽ കൂടുതൽ രൂപയാണ് വില . പൂക്കൾ വാങ്ങിച്ച് ഒന്നോ രണ്ടോ ദിവസം അത് ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കുന്നവരും ഉണ്ട്. നമ്മുടെ നാട്ടിൽ കൃഷി ചെയ്യുന്നതും അന്യസംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതുമുണ്ട്. എന്തായാലും ഓണത്തിന് പൂക്കച്ചവടക്കാർക്ക് നല്ല വരുമാനം ഉണ്ടാക്കാൻ സാധിക്കുന്നുണ്ട്.
പൂക്കളിൽ ഉണ്ടായ മാറ്റം പോലെ മാറ്റൊരു മാറ്റമാണ് ഓണസദ്യ. കൃഷി ചെയ്തെടുത്ത നെല്ല് കുത്തി അരി ഉണ്ടാക്കി അതുകൊണ്ട് പുത്തരി ചോറും ധാരാളം പച്ചക്കറികൾ ഉപയോഗിച്ച് സാമ്പാറും അവിയലും കാളനും ഓലനും പുളിശ്ശേരിയും പച്ചടിയും എല്ലാം വീട്ടുകാർ എല്ലാവരും ഒരുമിച്ച് ചേർന്ന് ഉണ്ടാക്കിയിരുന്നു. എല്ലാം ഇന്നൊരോർമ്മകൾ മാത്രം.
അടപ്രഥമൻ പരിപ്പ് പ്രഥമൻ തുടങ്ങി നിരവധി പായസങ്ങളും പാകം ചെയ്തിരുന്നു. സ്വന്തം തൊടുകളിൽ ഉണ്ടായിരുന്ന വാഴയിലകൾ വെട്ടി അതിലായിരുന്നു ഓണസദ്യ വിളമ്പിയിരുന്നത്. പിന്നീട് വാഴ ഇലകൾക്ക് പകരം പേപ്പർ ഇലകൾ വരാൻ തുടങ്ങി. പിന്നെ റെഡി ടു മെയ്ഡ് പായസം കിറ്റുകളും വന്നു. ചോറും കറികളും പായസവും അടക്കം വിഭവങ്ങളും കഴിക്കാവുന്ന വിധത്തിൽ പാക്ക് ചെയ്ത് എത്തിക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്.
വിഭവങ്ങൾ കേട് കൂടാതെ ഒരുപാട് നാൾ ഇരിക്കുമത്രേ. ഇങ്ങനെ ഓർഡർ ചെയ്ത ഓണസദ്യ പാക്ക് തുറന്നു വിളമ്പി കഴിച്ചാൽ മാത്രം മതി. ഇത്തരത്തിൽ എല്ലാം ഓണം അടിമുടി മാറി എങ്കിലും ആഘോഷങ്ങൾക്ക് ഒരു കുറവും വന്നിട്ടില്ല. മാറുന്ന സാഹചര്യങ്ങൾക്കനുസൃതമായി തന്നെ ഓണപ്പൂക്കളവും ഓണസദ്യയും എല്ലാം ആയി മലയാളികൾ ഗംഭീരമായി തന്നെ ഓണം ആഘോഷിക്കുന്നു.

Article by Chithra A
SUB EDITOR TRAINEE TRUEVISIONNEWS.COM BA sociology (government arts & science collage Thavanoor), MA Sociology (Calicut University Campus),
#kerala #onam #onamcelebration #memories
