സ്വാതന്ത്ര്യ സമരത്തോടുകൂടി കുഞ്ഞാലിമരക്കാർ ദേശീയപ്രസ്ഥാനത്തിന്റെ പ്രതീകമായി ആദരിക്കപ്പെടുന്നുവെന്ന് പ്രശസ്ത ചരിത്രകാരൻ ഡോ.എം.ജി.എസ്. നാരായണൻ.എൻ.കെ രമേശിന്റെ കുഞ്ഞാലി മരക്കാർ ബാലസാഹിത്യ കൃതിയുടെ അവതാരകയിലാണ് അദേഹം ഇക്കാര്യം പറയുന്നത്.

അറിഞ്ഞതും ,അറിയാത്തതുമായ മരക്കാർ വിശേഷങ്ങളാണ് രമേഷ് പുസ്തകത്തിലൂടെ പറഞ്ഞുവെക്കുന്നത്
ബാലമനസ്സുകളിൽ ദേശീയ ബോധവും അതുപോലെത്തന്നെ വെല്ലുവിളികളെ നേരിടാനുള്ള ചങ്കൂറ്റവും ഉണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന കുഞ്ഞാലി മരക്കാർ ബാലസാഹിത്യ കൃതിയിലൂടെ കുഞ്ഞാലിമരക്കാർമാരുടെ കടൽപ്പോരാട്ടങ്ങളുടെ ചരിത്രം പുറത്തുകൊണ്ടു വന്നിരിക്കുകയാണ് നാദാപുരം വരിക്കോളി ഒമ്പതുകണ്ടത്തിൽ സ്വദേശിയായ പുരാവസ്തു ഗവേഷകൻ എൻ.കെ രമേശ്.
ശ്രീലങ്കയിലെ പുത്തലം ജില്ലയിൽ ചിലാവ് പട്ടണത്തിനടു ത്തുള്ള മലയി പള്ളിയിലാണ് കുഞ്ഞാലി മരക്കാരുടെ ചരിത്രത്തിന്റെ അടയാളപ്പെടുത്തലു കൾ ഉള്ള കുടീരം ( ഖബറിടം) കണ്ടെത്തിയിരിക്കുന്നത്. കുടീരത്തിലെ മീസാൻ കല്ലിൽ കുഞ്ഞാലി മരക്കായർ വ്യാളക്കിളമൈ മവുത്താനാർ ( കുഞ്ഞാലിമരക്കായർ വ്യാഴാഴ്ച അന്തരിച്ചു ) എന്ന് തമിഴിൽ എഴുതിയിട്ടുണ്ട്. ഈ പുരാലിഖിതം വായിച്ചത് തമിഴ് സർവ്വകലാശാല ആർക്കിയോളജി വകുപ്പ് മേധാവി ഡോ. വി.സെൽവകുമാറാണ്.
ഈ ശിലാലിഖിത ത്തെക്കുറിച്ചുള്ള തുടർപഠനങ്ങൾ ശ്രീലങ്കയിലെ പുരാവസ്തു ഗവേഷകരുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുകയാണ്. ശ്രീലങ്കയിലെ കറുവപ്പട്ട വ്യാപാരത്തിന്റെ മുഖ്യകണ്ണി മരക്കാൻമാരായിരുന്നു. മരക്കാൻമാരും പോർച്ചുഗീസുകാരും ശ്രീലങ്കയിൽ വെച്ച് നിരവധി തവണ ഏറ്റുമുട്ടൽ നടന്നതിന്റെ ചരിത്രരേഖയുണ്ട്. ശ്രീലങ്കൻ തീരത്ത് കുഞ്ഞാലിമരക്കാർ ഒന്നാമൻ കുട്യാലി മരക്കാർ നടത്തിയ കടൽ പോരാട്ടങ്ങളെക്കുറിച്ച് ഒ.കെ നമ്പ്യാരുടെ “കുഞ്ഞാലി ദ അഡ്മിറൽസ് ഓഫ് കാലിക്കറ്റ് എന്ന പുസ്തകത്തിലും, ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ തുഹ്ഫത്തുൽ മുജാഹിദിനിലും പരാമർശിച്ചിട്ടുണ്ട്.
ഭാരതത്തിൽ പോർച്ചു ഗീസ് അധിനിവേശ പതനത്തിന് കാരണമായത് കുഞ്ഞാലിമരക്കാൻമാരുടെ ശക്തമായ ചെറുത്തുനിൽപ്പുകൊണ്ടാണ്. തമിഴ്നാട്ടിലെ കായൽ പട്ടിണം, നാഗൂർ, തൂത്തുക്കുടി, കീളക്കര, തേങ്ങാപ്പട്ടണം എന്നീ തീരപ്രദേശങ്ങളിലെ കടൽ വാണിജ്യം കുലത്തൊഴിലായി സ്വീകരച്ചവരായിരുന്നു മരക്കാൻമാർ. തമിഴ്നാട്ടിൽ നിന്ന് മലബാറിലേക്ക് അരി ഇറക്കുമതി ചെയ്തിരുന്നതും മരക്കാൻമാരായിരുന്നു. തമിഴിലെ മരക്കലരായർ എന്ന പദമാണ് കാലക്രമേണ മരക്കായർ എന്നും മരക്കാർ എന്ന പേരിലും അറിയപ്പെട്ടത്.
മരം കൊണ്ടുണ്ടാക്കിയ കപ്പലിന് മരക്കലം എന്നാണ് പറഞ്ഞിരുന്നത്. മരക്കാൻമാർ തമിഴ്നാട്ടിൽ നിന്നും കൊച്ചിയിലേക്ക് ചേക്കേറി . കൊച്ചി യിൽ വെച്ച് മരക്കാൻമാരുടെ കപ്പലുകൾ പോർച്ചുഗീസുകാർ മുക്കുകയും കൊള്ളയടിക്കുകയും പതിവായതോടെ മരക്കാർ പൊന്നാനിയിലേക്ക് കുടിയേറി പൊന്നാനിയിൽ വെച്ചാണ് സാമൂതിരിയുടെ നാവികസേനയുടെ സർവ്വസൈന്യാധിപൻ പട്ടം കുഞ്ഞാലി മരക്കാർ എന്ന പേരുവിളി ബിരുദം സ്വീകരിച്ചു. ക്രിസ്തുവർഷം 1507 മുതൽ 1600 വരെ നാലു കുഞ്ഞാലിമരക്കാൻമാർ അറബിക്കടലിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവിതം ബലിയർപ്പിച്ചു.
ഏഷ്യയിലെ പോർച്ചുഗീസ് അധിനിവേശത്തിന് പരാജയം ഏറ്റുവാങ്ങിയ യുദ്ധമായിരുന്നു 1571 ലെ പോർച്ചുഗീസുകാരുടെ ചാലിയം കോട്ട ആക്രമണം. സാമൂതിരിയും കുഞ്ഞാലിമരക്കാർ മൂന്നാമൻ പട്ടുമരക്കാരുമാണ് ചാലിയം കോട്ട ആക്രമണം നയിച്ചത്. 1571 ൽ കുഞ്ഞാലി മരക്കാർ മൂന്നാമൻ പട്ടുമരക്കാർ പോർച്ചുഗീസുകാരെ പ്രതിരോധിക്കാൻ ഇരിങ്ങൾ ദേശത്ത് കോട്ട കെട്ടി. കോട്ട ഉയർന്നതോടെ ഈ പ്രദേശം കോട്ടക്കൽ എന്ന പേരിൽ അറിയപ്പെട്ടു.
കുഞ്ഞാലി മരക്കാർ മൂന്നാമന്റെ മരുമകൻ മുഹമ്മദ് അലി മരക്കാർ കുഞ്ഞാലിമരക്കാർ നാലാമനായി സ്ഥാനമേറ്റെടുത്തതോടെ അദ്ദേഹം കോട്ടക്കൽ മരക്കാർ കോട്ടയെ പോർച്ചുഗീസ് കോട്ടയ്ക്ക് സമാനമായി ശക്തിപ്പെടുത്തി. ഇന്ത്യയിൽ പോർച്ചുഗീസുകാർക്കെതിരെ പടയൊരുക്കം നടത്തുന്ന എല്ലാ രാജാക്കൻമാരെയും അദ്ദേഹം മിത്രമായി സ്വീകരിച്ചു. ഇത് സാമുതിരിയിൽ സംശയത്തിന്റെ കരിനിഴൽ വീഴ്ത്തി. സാമൂതിരിയെ കുഞ്ഞാലി മരക്കാർ ധിക്കരിക്കുന്ന കഥകൾ പോർച്ചുഗീസ് പാതിരിമാർ പ്രചരിപ്പിച്ചു.
അവർ സാമൂതിരിയെ വശത്താക്കി കുഞ്ഞാലിക്കെതിരെ പടയൊരുക്കം ആരംഭിച്ചു. 1600 മാർച്ച് 16 ന് സാമൂതിരിക്ക് മുന്നിൽ കീഴടങ്ങിയ കുഞ്ഞാലിയെ ഉടമ്പടിക്ക് വിരുദ്ധമായി പോർച്ചുഗീസുകാർ പിടിച്ചുകെട്ടി ഗോവയിലെത്തിച്ച് ജനമധ്യത്തിൽ തൂക്കിലേറ്റി. അദ്ദേഹത്തിന്റെ തല ഉപ്പിലിട്ടുണക്കി കണ്ണൂരിൽ പ്രദർശനത്തിന് വെച്ചു. ഒരു നൂറ്റാണ്ടുകാലം നീണ്ടു നിന്ന കുഞ്ഞാലിമരക്കാർമാരുടെ ചെറുത്ത് നിൽപ്പ് ഒരു സാഹിത്യകൃതിയുടെ അനുഭൂതിയിലൂടെയാണ് രമേശ് പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
പുസ്തകത്തിന് കുഞ്ഞാലി മരക്കാരുടെ ജീവിതത്തിലെ നിർണ്ണായക ചരിത്ര മുഹൂർത്തങ്ങൾക്ക് സ്കെച്ച് ചെയ്തിരിക്കുന്നത് രമേശിന്റെ നാട്ടകാരൻ ആർട്ടിസ്റ്റ് സജീവൻ ചിത്രലേഖയാണ്. പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് പ്രശസ്ത ചരിത്രകാരൻ ഡോ. എം.ജി.എസ് നാരായണനാണ്. പിൽക്കാലത്ത് സ്വാതന്ത്ര്യ സമരത്തോടുകൂടി കുഞ്ഞാലിമരക്കാർ ദേശീയപ്രസ്ഥാനത്തിന്റെ പ്രതീകമായി ആദരിക്കപ്പെടുന്നു എന്ന് അദ്ദേഹം അവതാരികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കുഞ്ഞാലിമരക്കാരും സംഘവും പോർച്ചുഗീസുകാരെ കടവിൽ വെച്ച് വധിക്കുന്ന പെയിന്റിങ്ങാണ് പുസ്ത കത്തിന്റെ കവർ . 400 വർഷങ്ങൾക്ക് മുൻപ് പോർച്ചുഗീസ് ചിത്രകാരൻ ഗോവയിൽ വെച്ച് വരച്ചതാണിത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ശേഖരണത്തിലുള്ള ഈ പെയിന്റിങ്ങ് ഡോ. കെ.കെ മുഹമ്മദാണ് പുസ്തകത്തിന് കൈമാറിയത്. പുസ്തകത്തിന്റെ പ്രസാധനം ഏറ്റെടുത്തിരിക്കുന്നത് ആർ.കെ പബ്ലിഷിംഗ് വെൻച്വറാണ്.
കുഞ്ഞാലി മരക്കാർ സ്മാരക മ്യൂസിയത്തിൽ കരാർ അടിസ്ഥാനത്തിൽ മ്യൂസിയം ഗൈഡായി ജോലി ചെയ്തിരുന്ന എൻ.കെ രമേശിന് കരാർ അവസാനിച്ചതോടെ ജോലി ഇല്ലാതായി . കൂലിപ്പണിക്ക് പോയാണ് മാനസികവും ശാരീരികവുമായി വെല്ലുവിളികൾ നേരിടുന്ന സഹോദരനെയും വൃദ്ധയായ അമ്മയെയും നോക്കുന്നത് . കേരളത്തിലെ വിവധ ജില്ലകളിൽ നിന്ന് ആദിമമനുഷ്യവാസത്തിന്റെ നിരവധി തെളിവുകൾ കണ്ടെത്തി വിവിധ മ്യൂസിയങ്ങൾക്ക് സംഭാവന ചെയ്ത രമേശ് ഇന്ന് ജീവക്കാനുള്ള സമരപാതയിലാണ്.
Kunhali Marakkar Symbol of the National Movement - Dr. MGS Narayanan