കോട്ടയം: ( truevisionnews.com ) അന്തരിച്ച കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം തിരുവനന്തപുരത്ത് നിന്ന് കോട്ടയം പുതുപ്പള്ളിയിൽ എത്തിച്ച യാത്രാ അനുഭവം പങ്കുവെച്ച് കെ.എസ്.ആർ.ടി.സിയിലെ ഡ്രൈവർമാർ. തിരുവനന്തപുരം സ്വദേശി ശ്യാമും എറണാകുളം സ്വദേശി സി.വി ബാബുവും യാത്രയിൽ ബസ് ഓടിച്ചിരുന്നത്.

തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്നാരംഭിച്ച വിലാപയാത്ര 28 മണിക്കൂർ പിന്നിട്ടാണ് കോട്ടയം തിരുനക്കര മൈതാനത്ത് എത്തിയത്. ജനസാഗരമെന്നും ജനകടലെന്നും പറയുന്നത് നേരിൽ കണ്ടെന്ന് ഡ്രൈവർ ശ്യാം പറഞ്ഞു.
ജനക്കൂട്ടം കാരണം ആയൂർ മുതൽ കോട്ടയം വരെ റോഡിന്‍റെ ടാർ കാണാൻ സാധിച്ചില്ല. ജനങ്ങളെ ചികഞ്ഞുമാറ്റി വാഹനം കോട്ടയത്ത് എത്തിക്കാൻ പൊലീസുകാരും വളന്‍റീയർമാരും സഹായിച്ചു.
15-20 കിലോമീറ്റർ വേഗതയിലാണ് വാഹനം ഓടിച്ചിരുന്നത്. വലിയ വ്യക്തിത്വമുള്ള ഉമ്മൻചാണ്ടിയുടെ മൃതദേഹം കൊണ്ടുവരാൻ സാധിച്ചതിൽ സന്തോഷമുണ്ട്. തിരുവനന്തപുരം- കോട്ടയം യാത്ര ജോലിയിലെ വലിയ അനുഭവമായിരുന്നുവെന്നും ശ്യാം പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരവുമായുള്ള യാത്ര വലിയ അനുഭവമാണെന്ന് എറണാകുളം സ്വദേശിയും 18 വർഷമായി ഡ്രൈവറുമായ സി.വി ബാബു പറഞ്ഞു. കടലിരമ്പുന്നത് പോലുള്ള ജനതിരക്കിലൂടെയുള്ള യാത്ര സാഹസികമായിരുന്നു. വലിയ ജനകൂട്ടത്തെയാണ് കണ്ടതെന്നും ബാബു വ്യക്തമാക്കി.
ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തെ പുതുപ്പള്ളിയിൽ എത്തിക്കുന്നതിന് കെ.എസ്.ആർ.ടി.സി വോൾവോ ബസിൽ മാറ്റം വരുത്തിയിരുന്നു.
ബസിനുള്ളിലെ ഒരു വശത്തെ സീറ്റുകൾ ഇളക്കി മാറ്റിയാണ് പ്രത്യേക മൊബൈൽ മോർച്ചറി സ്ഥാപിച്ചത്. കൂടാതെ, യാത്രക്കിടെ വോൾവോ ബസിന് തകരാർ സംഭവിച്ചാൽ അത് പരിഹരിക്കാനായി ആറംഗ സാങ്കേതിക സംഘവും യാത്രയിൽ അനുഗമിച്ചിരുന്നു.
#oommenchandy #KSRTC #drivers #share #mourning #experience
