കോട്ടയം: (truevisionnews.com) രാത്രി വൈകിയാലും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം ഇന്ന് തന്നെ നടത്തുന്നതിന് ജില്ലാ കലക്ടർ അനുമതി നൽകി. മൃതദേഹവുമായുള്ള വിലാപ യാത്ര ഉമ്മൻ ചാണ്ടിയുടെ തട്ടകമായ കോട്ടയം ഡിസിസി ഓഫീസിലെത്തിയിരിക്കുകയാണ്.

അവിടെ വെച്ച് ആദരമർപ്പിച്ച ശേഷം തിരുനക്കര മൈതാനിയിലേക്ക് വിലാപ യാത്രയെത്തും. മൂന്നോ നാലോ മണിക്കൂറാണ് തിരുനക്കരയിൽ പൊതുദർശനം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇവിടെയുള്ള ജനക്കൂട്ടത്തിന് ഈ സമയം മതിയാകില്ല. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ളവർ കോട്ടയത്ത് എത്തിച്ചേർന്നിരിക്കുകയാണ്.
ഇതോടെ വൈകീട്ട് മൂന്നു മണിക്ക് തീരുമാനിച്ച സംസ്‌കാര ചടങ്ങുകൾ വൈകാനാണ് സാധ്യത. തിരുനക്കരയിലെ പൊതു ദർശനത്തിന് ശേഷം പുതുപ്പള്ളിയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. അതിന് ശേഷമാണ് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിലേക്ക് കൊണ്ടുപോകുക.
അതേസമയം, പള്ളിയിൽ എത്തുന്ന ഏതൊരാൾക്കും ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്നും പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളി അധികൃതർ അറിയിച്ചു. രണ്ട് മണിക്ക് പള്ളി ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതുദർശനത്തിനായി എത്തിക്കാനും അഞ്ചു മണിക്ക് സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കാനുമാണ് നിലവിലെ തീരുമാനം. സംസ്‌കാര ശുശ്രൂഷകളിൽ സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പങ്കെടുക്കും.
#Collector's #permission #perform #OommenChandy's #cremation #today #night
