തിരുവനന്തപുരം: ( truevisionnews.com ) മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരം അർപ്പിക്കാൻ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പുതുപ്പള്ളിയിലെത്തും. ഉച്ചയ്ക്ക് 12 നും 12.30 നും ഇടയിൽ പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലിലെത്തി ഗവർണർ അന്തിമോപചാരം അർപ്പിക്കുമെന്ന് രാജ്ഭവൻ അറിയിച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് പുതുപ്പള്ളിയിലെത്തും. ഇന്ന് ഉച്ചക്ക് മൂന്ന് മണിക്കാണ് ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ. തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെ വിലാപയാത്രയായാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം എത്തിക്കുന്നത്.
ജനസാഗരമാണ് വഴിയരികിലുടനീളം ഉമ്മൻ ചാണ്ടിയെ വഹിച്ചുള്ള വിലാപയാത്രയും കാത്തിരിക്കുന്നത്. അതിനാൽ തന്നെ പ്രതീക്ഷിച്ചതിലും വളരെ വൈകിയാണ് വിലാപ യാത്ര നീങ്ങുന്നത്. സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി വേണ്ടന്ന തീരുമാനം ഉമ്മൻ ചാണ്ടിയുടെ കുടുംബം പൊതുഭരണ വകുപ്പിന് രേഖാമൂലം എഴുതി നൽകിയിരുന്നു.
ഉമ്മൻചാണ്ടിയുടെ അഭിലാഷം അനുസരിച്ചാണ് എഴുതി നൽകിയതെന്നും കുടുംബം അറിയിച്ചു. തനിക്ക് ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാരച്ചടങ്ങുകൾ വേണ്ടെന്ന ആഗ്രഹം ഉമ്മൻ ചാണ്ടിക്കുണ്ടായിരുന്നതായി കുടുംബവും കോൺഗ്രസ് നേതാക്കളും നേരത്തേ തന്നെ വ്യക്തമാക്കുന്നുണ്ടായിരുന്നു.
ഔദ്യോഗിക ബഹുമതികളോടെ വേണം ഉമ്മൻ ചാണ്ടിയുടെ സംസ്കാരച്ചടങ്ങുകൾ നടത്താൻ എന്നായിരുന്നു സർക്കാരിന്റെ തീരുമാനം. എന്നാൽ ഉമ്മൻ ചാണ്ടിയുടെ ആഗ്രഹത്തിനൊപ്പം നിൽക്കാൻ കുടുംബം തീരുമാനിക്കുകയായിരുന്നു.
മാത്രമല്ല, തിരുവഞ്ചൂർ രാധാകൃഷ്ണനടക്കമുള്ള കോൺഗ്രസ് നേതാക്കളും അദ്ദേഹത്തിന്റെ ആഗ്രഹം പരസ്യമായി അറിയിച്ചിരുന്നു. ഔദ്യോഗിക ബഹുമതികളില്ലാതെയായിരിക്കും ശവസംസ്കാര ശുശ്രൂഷകൾ നടക്കുക.
#OOMMENCHANDY #THIRUVANANTHAPURAM #Governor #ArifMuhammadKhan