കോട്ടയം: (truevisionnews.com) ജീവിതത്തിന്റെ സിംഹഭാഗവും വിശ്രമമില്ലാതെ നാടിനായി മാറ്റിവെച്ച ജനനായകനെ ഒരുനോക്കുകാണാൻ കോട്ടയവും പുതുപ്പള്ളിയും ഉറങ്ങാതെ കാത്തിരുന്നു.

ചൊവ്വാഴ്ച മരണവിവരം പുറത്തുവന്നത് മുതൽ ജന്മനാട് ഭൗതികശരീരം ഏറ്റുവാങ്ങാനും അന്ത്യകർമങ്ങൾക്കുമുള്ള ഒരുക്കത്തിലായിരുന്നു. പാമ്പാടി, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നാട്ടുകാരുടെയും സംഘടനകളുടെയും നേതൃത്വത്തിൽ സർവമത പ്രാർഥനാസംഗമം നടത്തി.
എം.സി റോഡിലൂടെ തിരുനക്കര മൈതാനത്തേക്ക് കടന്നുവരുന്ന വിലാപയാത്രക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇരുവശത്തും ബോർഡുകൾ സ്ഥാപിച്ചു. ഡി.സി.സി ഓഫിസിന് മുന്നിലും വലിയ പന്തലിട്ടിരുന്നു. വ്യാപാരസ്ഥാപനങ്ങൾക്കു മുന്നിലെല്ലാം കറുത്ത കൊടിയും കാണാമായിരുന്നു.
ജില്ല കലക്ടർ വി. വിഘ്നേശ്വരി, ജില്ല പൊലീസ് മേധാവി കെ. കാർത്തിക് എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങളൊരുക്കി രണ്ടായിരത്തിലധികം പൊലീസുകാരെ സുരക്ഷക്ക് നിയോഗിച്ചു. വൈകീട്ട് അഞ്ചിന് വിലാപയാത്ര തിരുനക്കര മൈതാനിയിൽ എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉച്ചയോടെ തന്നെ ജനസഞ്ചയം കോട്ടയം നഗരത്തിലെത്തിയിരുന്നു.
ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തി. നഗരത്തിലെ വിദ്യാലയങ്ങൾക്ക് ഉച്ചക്കുശേഷം അവധിയും പ്രഖ്യാപിച്ചു. എന്നാൽ, വിലാപയാത്രയെത്തിയപ്പോൾ അർധരാത്രി കഴിഞ്ഞു.
വഴിവക്കിൽ കിടന്നുറങ്ങിയും മണിക്കൂറുകൾ കാത്തുനിന്നുമാണ് ജനങ്ങൾ അന്ത്യോപചാരം അർപ്പിച്ചത്. സംസ്കാരച്ചടങ്ങുകൾ നടക്കേണ്ട പുതുപ്പള്ളിയിലെ പള്ളിയിലും പുലർച്ചവരെ ഒരുക്കം തുടർന്നു.
#Kottayam #withoutsleep #Puthupally #waiting #OommenChandy
