വാഷിങ്ടൺ : (www.truevisionnews.com) ടെറ്റാനിക്ക് പര്യവേഷണത്തിനിടെ അപകടത്തിൽപ്പെട്ട ടൈറ്റൻ പേടകത്തിന്റെ അവശിഷ്ടങ്ങളിൽ മനുഷ്യശരീരത്തിന്റെ ഭാഗങ്ങളും ഉണ്ടെന്ന് യു.എസ് കോസ്റ്റ്ഗാർഡ്.സമുദ്രോപരിതലത്തിൽ നിന്നും 3,658 മീറ്റർ ആഴത്തിലാണ് ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
വടക്കൻ അറ്റ്ലാന്റിക് സമുദ്രഭാഗത്ത് നിന്നാണ് ഇത് കണ്ടെത്തിയത്. തകർന്ന ഭാഗത്തിന്റെ അവശിഷ്ടങ്ങൾ സംബന്ധിച്ച് വിശദ പരിശോധനയുണ്ടാകുമെന്നും അതിലൂടെ ദുരന്തത്തിന്റെ കാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷയെന്നും യു.എസ് കോസ്റ്റ്ഗാർഡ് വ്യക്തമാക്കി.
ദുരന്തത്തിന്റെ യഥാർഥ കാരണം വ്യക്തമാകാൻ ഇനിയും സമയമെടുക്കും. കാരണം കണ്ടെത്തുന്നതിലൂടെ ദുരന്തം ഇനിയും ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലെടുക്കാൻ കഴിയുമെന്ന് യു.എസ് കോസ്റ്റ് ഗാർഡ് ചീഫ് ക്യാപ്റ്റൻ ജാസൺ ന്യൂബർ പറഞ്ഞു.
പേടകത്തിൽ കണ്ടെത്തിയ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങൾ യു.എസിലെത്തിക്കും. ആരോഗ്യപ്രവർത്തകർ ഇത് പരിശോധിക്കും. ദുരന്തം സംബന്ധിച്ച അന്വേഷണം നടത്തുന്ന മറൈൻ ബോർഡും പരിശോധന നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ടൈറ്റൻ പൊട്ടിയമർന്നുവെന്ന വാർത്ത പുറത്ത് വന്നത്. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ടൈറ്റാനിക്കിൽ നിന്ന് 1,600 അടി അകലെയായിരുന്നു ടൈറ്റന്റെ അവശിഷ്ടങ്ങൾ.
6.7 മീറ്റർ നീളവും മണിക്കൂറിൽ 3.5 കിമി വേഗതയുമുള്ള ടൈറ്റൻ സ്വാതന്ത്രമായാണ് സമുദ്രത്തിൽ സഞ്ചരിച്ചിരുന്നത്. ജൂൺ 18നാണ് ടൈറ്റനിൽ നിന്നുള്ള ആശയവിനിമയം നഷ്ടമായെന്ന സന്ദേശം കമാൻഡ് ഷിപ്പിൽ നിന്ന് യുഎസ് കോസ്റ്റ് ഗാർഡിന് ലഭിക്കുന്നത്.
തുടർന്ന് യുഎസ് നേവിയുടെ നേതൃത്വത്തിൽ കൂടുതൽ കപ്പലുകളും അത്യാധുനിക സംവിധാനങ്ങളുമുപയോഗിച്ച് വ്യാപക തിരച്ചിലാണ് നടന്നത്.
ടൈറ്റൻ അപകടത്തിൽ പെടാൻ കാരണം വേണ്ടത്ര സുരക്ഷയില്ലാത്തതിനാലാണെന്ന വിമർശനങ്ങൾക്കിടെ കഴിഞ്ഞ വർഷം ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് സിഇഒ സ്റ്റോക്ക്ടൺ റഷ് നൽകിയ അഭിമുഖവും ശ്രദ്ധേയമാണ്.
കഴിഞ്ഞ ഡിസംബറിൽ ‘സിബിഎസ് സൺഡേ മോണിംഗ്’ എന്ന പരിപാടിയിൽ വച്ചാണ് റഷ് അന്തർവാഹിനി തിരികെ ഉപരിതലത്തിലെത്തുമോ എന്നതിൽ സംശയം പ്രകടിപ്പിച്ചത്.
അന്തർവാഹിനി യാത്ര അത്ര അപകടം പിടിച്ചതല്ല. പക്ഷേ, പലകാരണങ്ങൾ കൊണ്ട് വാഹനം ജലോപരിതലത്തിൽ മടങ്ങിയെത്തുമോ എന്ന് ഭയമുണ്ടെന്നായിരുന്നു സ്റ്റോക്ക്ടൺ റഷിന്റെ പ്രതികരണം.
ടൈറ്റാനിക്കിനും ടൈറ്റനും സംഭവിച്ച ദുരന്തത്തിലെ സാമ്യത തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നായിരുന്നു ടൈറ്റാനിക് സിനിമയുടെ സംവിധായകൻ ജെയിംസ് കാമറൂൺ പറഞ്ഞത്.
ഒരിക്കലും മുങ്ങില്ലെന്ന് വിശേഷിപ്പിച്ചിരുന്ന ആർഎംഎസ് ടൈറ്റാനികിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ ടൈറ്റനേയും ഒടുവിൽ കാത്തിരുന്നത് ടൈറ്റാനികിന്റെ അതേ ദുരന്ത വിധി.
Human body parts found in wreckage of Titan spacecraft - US Coast Guard