കോഴിക്കോട്: വീട്ടുജോലിക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ ശേഷം കോഴിക്കോട് യുവാവിന്‍റെ വമ്പൻ തട്ടിപ്പ്. മാന്യമായി വസ്ത്രം ധരിച്ചെത്തിയ യുവാവാണ് കോഴിക്കോട് താമരശ്ശേരിക്ക് സമീപം കാരാടിയിൽ അതിഥി തൊഴിലാളികളെ പറ്റിച്ച് മുതലുമായി കടന്നുകളഞ്ഞത്.

യുവാവിന്‍റെ തട്ടിപ്പിനിരയായ ജാർഖണ്ഡ് സ്വദേശികളുടെ ഫോണും പണവുമടക്കമാണ് നഷ്ടമായത്. കോഴിക്കോട് താമരശ്ശേരി കാരാടി പുതിയ ബസ് സ്റ്റാന്റിന് സമീപം താമസിക്കുന്ന അതിഥി തൊഴിലാളികളാണ് ചതിയിൽ പെട്ടത്.
മാന്യമായി വസ്ത്രം ധരിച്ചെത്തിയ യുവാവാണ് കൂട്ടിക്കൊണ്ട് പോയതെന്ന് തൊഴിലാളികൾ പറഞ്ഞു. കൂട്ടിക്കൊണ്ടുപോയ ശേഷം ഇയാൾ, മറ്റാരുടെയോ ആൾ താമസമില്ലാത്ത വീട് കാണിച്ച്, സ്വന്തം വീടെന്ന് വിശ്വസിപ്പിച്ച് വൃത്തിയാക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഇതിന് ശേഷമായിരുന്നു യുവാവ് തട്ടിപ്പ് നടത്തി മുങ്ങിയത്. തൊഴിലാളികൾ പരിസരം വൃത്തിയാക്കുന്നതിനിടെ ഫോണും പണവുമായി യുവാവ് കടന്നു കളയുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങൾ സഹിതം തൊഴിലാളികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവാവിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
Kozhikode youth cheated after being picked up as a housework.
