കുന്നംകുളം: (truevisionnews.com) വിഷം ഉള്ളിൽ ചെന്ന് അബോധാവസ്ഥയിലായ യുവാവിന്റെ ജീവന് രക്ഷകരായി കുന്നംകുളം പോലീസ്. കുന്നംകുളം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ നന്ദകുമാർ, സിവിൽ പോലീസ് ഓഫീസർ രതീഷ് എന്നിവരാണ് യുവാവിന്റെ ജീവൻ സംരക്ഷിച്ചത്. വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം.

പഴഞ്ഞി മങ്ങാട് സ്വദേശിയും പെയിന്റിങ് തൊഴിലാളിയുമായ 25 വയസ്സുള്ള രജീഷിനെയാണ് വിഷം ഉള്ളിൽ ചെന്ന് അബോധാവസ്ഥയിൽ കണ്ടെത്തിയത്. തിരുവനന്തപുരത്തെ പോലീസ് കൺട്രോൾ റൂമിൽ നിന്നാണ് ഈ വിവരം കുന്നംകുളം പോലീസ് സ്റ്റേഷനിലേക്ക് ലഭിക്കുന്നത്. ഇതോടെ രാത്രി പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ നന്ദകുമാറിന് പോലീസ് സ്റ്റേഷനിൽ നിന്നും വിവരം കൈമാറി.
തുടർന്ന് പോലീസ് യുവാവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കുന്നംകുളം നഗരത്തിൽ തന്നെയുണ്ടെന്ന് തിരിച്ചറിഞ്ഞു. ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിൽ യുവാവിനെ പോലീസ് കണ്ടെത്തി. നിമിഷങ്ങൾക്കുള്ളിൽ പോലീസ് വാഹനത്തിൽ യുവാവിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് ഗുരുതരാവസ്ഥയിലായ യുവാവിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലുള്ള യുവാവ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
Kunnamkulam police saved the life of the young man who was unconscious due to poison
