മാവേലിക്കര : പുന്നമ്മൂട്ടിൽ നാല് വയസുകാരിയെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിൽ കഴിയുന്ന അച്ഛൻ മഹേഷിന്റെ നിലയിൽ പുരോഗതി. ആലപ്പുഴ മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിലുള്ള മഹേഷ് ഇപ്പോൾ സംസാരിച്ചു തുടങ്ങി.

മാവേലിക്കര സബ് ജയിലിൽ വെച്ചാണ് ശ്രീ മഹേഷ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവമുണ്ടായത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്.
മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെന്ന നാല് വയസുകാരിയാണ് അച്ഛന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സുനന്ദയെയും മഹേഷ് വെട്ടിയെങ്കിലും ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി.
വീട്ടിലെ ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന അമ്മ സുനന്ദ എത്തുമ്പോള്‍ വീട്ടില്‍ വെട്ടേറ്റ നിലയില്‍ കിടക്കുന്ന പേരമകളെയാണ് കണ്ടത്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന ശ്രീമഹേഷ് സുനന്ദയെയും ആക്രമിച്ചു.
സുനന്ദയുടെ കൈയ്ക്കാണ് മഴുകൊണ്ടുള്ള വെട്ടേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ ശ്രീമഹേഷ് മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് എത്തി ഇയാളെ കീഴ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പ്രതി മകളെ കൊലപ്പെടുത്തിയത് മദ്യ ലഹരിയിലെന്നാണ് പൊലീസ് പറയുന്നത്. പുനര്‍ വിവാഹം നടക്കാത്തതില്‍ ശ്രീമഹേഷ് നിരാശനായിരുന്നുവെന്നും എന്നാല്‍ സ്വന്തം മകളെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് വിശദമാക്കി. മകന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ അമ്മ സുനന്ദ അപകട നില തരണം ചെയ്തിട്ടുണ്ട്.
Improvement in the health condition of the father who tried to commit suicide by killing a six-year-old girl
