ആലപ്പുഴ: ചെങ്ങന്നൂരിനു സമീപം കിണർ വൃത്തിയാക്കുന്നതിനിടെ റിംഗുകള്‍ ഇടിഞ്ഞു വീണ വയോധികനായ തൊഴിലാളിയെ പതിനൊന്ന് മണിക്കൂറുകൾക്ക് ശേഷം രക്ഷപ്പെടുത്തി.

കോടുകുളഞ്ഞി പെരും കുഴി കൊച്ചു വീട്ടിൽ യോഹന്നാൻ (72 ) ആണ് കിണറിനുളളിൽ കുടുങ്ങിയത്. അബോധാവസ്ഥയിലാണ് ഇയാളെ കിണറ്റിൽ നിന്നും പുറത്തേക്കെടുത്തത്. നാട്ടുകാരും അഗ്നിശമന സേനയും പൊലീസും ചേര്‍ന്ന് നടത്തിയ പതിനൊന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കിണറ്റിൽ നിന്നും ഇയാളെ പുറത്തേക്ക് എടുത്തത്.
ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് റിംഗുകൾ ഇടിഞ്ഞ് യോഹന്നാൻ കിണറിനുള്ളിൽ അകപ്പെട്ടത്. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കോടുകുളഞ്ഞി ജംഗ്ഷനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണര്‍ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു യോഹന്നാൻ.
കിണറിനുള്ളിൽ വളർന്നു നിന്ന കാട്ടും പടപ്പും പറിച്ച് വൃത്തിയാക്കുന്നതിനിടെ കിണറിന്‍റെ സിമിന്‍റ് റിംഗുകൾ താഴേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ശബ്ദം കേട്ട് വശങ്ങളിലേക്ക് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും താഴേക്കു വീണ രണ്ടോളം റിംഗുകൾക്കടിയിൽ യോഹന്നാന്‍റെ കാലുകൾ കുടുങ്ങുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ സമീപ വാസികൾ ആദ്യം രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും വിജയിച്ചില്ല. തുടർന്ന് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ടീം ജെ സി ബി ഉപയോഗിച്ച് റിംഗുകൾ ഉയർത്തി ശ്രമകരമായാണ് ആളെ പുറത്തെടുത്തത്.
An elderly man trapped in a well in Alappuzha was rescued after hours
