കോഴിക്കോട്: (truevisionnews.in) നോമിനേഷൻ അവസാനിപ്പിച്ച് നേതൃത്വത്തെ അംഗങ്ങൾ തിരഞ്ഞെടുക്കുന്ന രീതിയിൽ കെ.എസ്.യുവിന്റെ സംഘടന സംവിധാനം മാറണമെന്ന് മുൻ സംസ്ഥാന പ്രസിഡന്റ് വി.എം. സുധീരൻ ആവശ്യപ്പെട്ടു . കെ.എസ്.യു ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്ഥാപകദിന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുറമെ നിന്നുള്ളവരുടെ അനാവശ്യ ഇടപെടലുകൾക്ക് കെ.എസ്.യുവിൽ പ്രസക്തിയില്ലെന്നും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതെ സ്വതന്ത്രമായി പ്രവർത്തിക്കാൻ കോൺഗ്രസ് അവസരം നൽകുകയാണ് വേണ്ടതെന്നും വിഭാഗീതയില്ലാതെ ഒറ്റക്കെട്ടായി കെ.എസ്.യു നിലകൊള്ളണമെന്നും അദ്ദേഹം നിർദേശിച്ചു. രൂപവത്കരിച്ചതു മുതൽ 1978 വരെ കെ.എസ്.യുവിൽ തെരഞ്ഞെടുപ്പിലൂടെയാണ് ഭാരവാഹികളെ നിശ്ചയിച്ചത്.
മാതൃസംഘടനയിലെ ഭിന്നിപ്പ് വേളയിൽ കെ.എസ്.യു രണ്ടു ചേരിയാവുകയും ചെയ്തു. എന്നാൽ, പിന്നീട് ഒരുമിച്ചായെങ്കിലും 1982 മുതലാണ് നോമിനേഷൻ രീതി തുടങ്ങിയതെന്നും സുധീരൻ തുറന്ന് പറഞ്ഞു . കെ.എസ്.യുവിന്റെ പുതിയ നേതൃത്വം ചുമതലയേറ്റ ശേഷം തിരുവനന്തപുരത്തു ചേർന്ന ആദ്യ സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തിൽ അടിപിടിയുണ്ടായതിനു പിന്നാലെയാണ് മുൻ സംസ്ഥാന പ്രസിഡന്റ് നോമിനേഷൻ രീതി അവസാനിപ്പിച്ച് നേതൃത്വത്തെ അംഗങ്ങൾ തിരഞ്ഞെടുക്കുന്ന രീതി വേണമെന്ന് ആവശ്യപ്പെട്ടത്.
Congress should give KSU a chance to work independently - VM Sudheeran
