May 30, 2023 09:38 AM

(www.truevisionnews.com) നാടകീയ മുഹൂർത്തങ്ങൾ... കണ്ണടച്ചിരിക്കുന്ന ധോണി... ടീമിനെ അവിശ്വസനീയ ജയത്തിലേക്ക് നയിച്ച് ജഡ്ഡു...!.... ഫൈനൽ മത്സരം ആവേശത്തിന്റെ കൊടുമുടിയേറി.

ഐപിഎല്‍ ഫൈനലില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് സായ് സുദര്‍ശനെന്ന തമിഴ്‌നാട് താരത്തിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയില്‍ 215 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകര്‍ പോലും ഒന്ന് പകച്ചു.

പിന്നീട് മഴമൂലം വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സാക്കിയപ്പോഴാകട്ടെ അവര്‍ പ്രതീക്ഷ കൈവിട്ടു. കാരണം, റാഷിദ് ഖാനും മുഹമ്മദ് ഷമിയും നൂര്‍ അഹമ്മദും മോഹിത് ശര്‍മയും എല്ലാം അടങ്ങുന്ന ഗുജറാത്ത് ബൗളിംഗ് നിരക്കെതിരെ ഓവറില്‍ 12 റണ്‍സിനടുത്ത് അടിക്കുക എന്നത് ഏറെക്കുറെ അസാധ്യമായിരുന്നു.

എന്നാല്‍ അസാധ്യമായ ആ ലക്ഷ്യത്തിലേക്ക് ആദ്യം വഴിമരുന്നിട്ടത് റുതുരാജ് ഗെയ്ക്‌വാദും ഡെവോണ്‍ കോണ്‍വെയും ചേര്‍ന്നായിരുന്നു. 74 റണ്‍സിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടിനുശേഷം റുതുരാജും പിന്നാലെ കോണ്‍വെയും മടങ്ങി. ശിവം ദുബെ തുടക്കത്തില്‍ താളം കണ്ടെത്താന്‍ പാടുപെട്ടപ്പോള്‍ അജിങ്ക്യാ രഹാനെയുടെ മിന്നലടികളാണ് അവരുടെ പ്രതീക്ഷ നിലനിര്‍ത്തിയത്.

സ്കോര്‍ 117ല്‍ നില്‍ക്കെ രഹാനെയും വീണു. വിടവാങ്ങള്‍ മത്സരം കളിക്കുന്ന അംബാട്ടി റായഡുവായിരുന്നു പിന്നീട് ക്രീസിലെത്തിയത്. ഈ സീസണില്‍ മോശം ഫോമിലായിരുന്ന റായഡുവുവിനെ ആ സമയം ഇറക്കിയത് ആരാധകരെപ്പോലും അമ്പരപ്പിച്ചു. എന്നാല്‍ ധോണിയുടെ വിശ്വാസം തെറ്റിയില്ല. 8 പന്തില്‍ 19 റണ്‍സുമായി റായുഡുി ചെന്നൈയെ വിജയത്തിനോട് അടുപ്പിച്ച് മടങ്ങി.

പിന്നാലെ ആരാധകര്‍ കാത്തിരുന്ന നിമിഷം, രവീന്ദ്ര ജഡേജക്ക് മുമ്പെ എം എസ് ധോണി ക്രീസിലേക്ക്. എന്നാല്‍ ഒരു പന്തിന്‍റെ ആയുസെ ധോണിക്ക് ക്രീസിലുണ്ടായിരുന്നുള്ളു. മോഹിത് ശര്‍മയുടെ പന്ത് അതിര്‍ത്തി കടത്താന്‍ ശ്രമിച്ച ധോണിയെ മില്ലര്‍ അനായാസം കൈയിലൊതുക്കി. ഗോള്‍ഡന്‍ ഡക്കായി ധോണി മടങ്ങിയതോടെ അഹമ്മദാബാദ് ഒരു നിമിഷം നിശബ്ദമായി.

നിരാശയോടെ തലകുലുക്കി ധോണി തിരിച്ച് ഡഗ് ഔട്ടിലേക്ക്. ക്രീസിലെത്തിയത് ലോക്കല്‍ ബോയ് കൂടിയായ രവീന്ദ്ര ജഡേജ. അവസാന രണ്ടോവറില്‍ ചെന്നൈക്ക് ജയിക്കാന്‍ വേണ്ടത് 21 റണ്‍സ്. മുഹമ്മദ് ഷമി എറിഞ്ഞ പിനാലാം ഓവറില്‍ ജഡേജയും ശിവം ദുബെയും ചേര്‍ന്ന് നേടിയത് എട്ട് റണ്‍സ്. ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 13 റണ്‍സായി. പന്തെറിയാനെത്തിയത് മോഹിത് ശര്‍മ.

ആദ്യ പന്തില്‍ ഒരു റണ്‍, രണ്ടാം പന്തിലും മൂന്നാം പന്തിലും ഓരോ റണ്‍സ് മാത്രം. ഇതോടെ അവസാന മൂന്ന് പന്തില്‍ ജയത്തിലേക്ക് 10 റണ്‍സ് വേണമെന്നായി. ഗുജറാത്ത് ജയം ഉറപ്പിച്ച നിമിഷം. നാലാം പന്തില്‍ സിവം ദുബെയില്‍ നിന്ന് സിക്സ് പ്രതീക്ഷിച്ച ആരാധകര്‍ നിരാശരായി.

കിട്ടിയത് സിംഗിള്‍ മാത്രം. അവസാന രണ്ട് പന്തില്‍ ജയത്തിലേക്ക് വേണ്ടത് ഒമ്പത് റണ്‍സ്. ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മുഖത്ത് വിജയച്ചിരി വിരിഞ്ഞു. ഡഗ് ഔട്ടില്‍ ചെന്നൈ നായകന്‍ എം എസ് ധോണി കണ്ണടച്ച് ധ്യാനത്തിലായി.

ഗ്യാലറിയില്‍ ചെന്നൈ ആരാധിക കണ്ണീരോടെ കൈകൂപ്പി നിന്നു. നിര്‍ണായക അഞ്ചാം പന്ത് നഷ്ടമായാല്‍ ഗുജറാത്ത് കിരീടം ഉറപ്പിക്കും. മോഹിത് ശര്‍മയുടെ അഞ്ചാം പന്ത് ലോംഗ് ഓണിന് മുകളിലൂടെ സിക്സിന് പറത്തിയ ജഡേജ ചെന്നൈയുടെ ജീവന്‍ നിലനിര്‍ത്തി. അവസാന പന്തില്‍ ജയിക്കാന്‍ മൂന്ന് റണ്‍സ്.

ലെഗ് സ്റ്റംപിലെത്തിയ പന്തിനെ ഫ്ലിക്ക് ചെയ്ത ജഡേജ ഫൈന്‍ ലെഗ്ഗ് ബൗണ്ടറിയിലേക്ക് പായിച്ച് ചെന്നൈയെ അവിശ്വസനീയ ജയത്തിലേക്ക് നയിച്ചു. അപ്പോഴും ധോണി ഡഗ് ഔട്ടില്‍ കണ്ണടച്ച് ധ്യാനിച്ചിരിക്കുകയായിരുന്നു. ചെന്നൈ ടീം അംഗങ്ങള്‍ വിജയാഘോഷത്തിനായി ഗ്രൗണ്ടിലേക്ക് ഓടിയെത്തി ജഡേജയെ വാരിപ്പുണര്‍ന്നു.

Dramatic moments... Blindfolded Dhoni... Jaddu leads the team to an incredible win...!

Next TV

Top Stories