പാലക്കാട് : തിരൂർ സ്വദേശിയായ സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മൃതദേഹം ശരീരത്തിൻ്റെ നേർ പകുതിയായി മുറിച്ചാണ് വെട്ടി നുറുക്കി പെട്ടിയിലാക്കിയത്. രണ്ട് ഭാഗങ്ങളും രണ്ട് പെട്ടിയിലാക്കി. ശരീരത്തിന്റ എല്ലാ ഭാഗങ്ങളും ഈ രണ്ട് പെട്ടിയിലുമുണ്ടെന്നാണ് വ്യക്തമാകുന്നത്.
തിരക്കില്ലാത്ത അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവിൽ നിന്നാണ് മൃതദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞത്. ആഴത്തിലേക്ക് വലിച്ചെറിഞ്ഞതിനാൽ പെട്ടി പൊട്ടി മൃതദേഹ ഭാഗങ്ങൾ പുറത്തേക്ക് തെറിച്ചിരുന്നു.
വെള്ളം ഒലിക്കുന്ന നിലയിലുമാണ് മൃതദേഹം നിറച്ച പെട്ടി കണ്ടെത്തിയത്. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ട്. മൊബൈലും സിസിടിവിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയും ചില സാക്ഷികളിൽ നിന്ന് ലഭിച്ച വിവരങ്ങളിലൂടെയുമാണ് മൃതദേഹം അട്ടപ്പാടിയിൽ നിന്ന് കണ്ടെത്താനായത്.
ഫർഹാനയുടെ സുഹൃത്ത് ചിക്കു എന്ന ആഷിഖിനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് മൃതദേഹം എവിടെയെന്ന് വ്യക്തമായി അറിയാമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അട്ടപ്പാടി ചുരത്തിൽ പരിശോധന നടത്തിയത്. സംഭവത്തിൽ നാല് പേരെയാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ഷിബിലി, സുഹൃത്ത്, ആഷിഖ്, ഫർഹാന, ഫർഹാനയുടെ സഹോദരൻ ഷുക്കൂർ, എന്നിവരാണ് പിടിയിലായത്. സിദ്ദിഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി.
സിദ്ദിഖ് അവസാനം ഹോട്ടലിൽ എത്തിയത് വ്യാഴാഴ്ചയാണെന്നും ഷിബിലി ഹോട്ടലിൽ ജോലിക്ക് എത്തിയത് 15 ദിവസം മുമ്പാണെന്നും കൂടെ ജോലി ചെയ്ത യൂസഫ് പറഞ്ഞു.
പെരുമാറ്റ ദൂഷ്യം കൊണ്ട് ഇയാളെ ജോലിയിൽനിന്ന് കണക്കുകൾ തീർത്തു പറഞ്ഞുവിട്ടു എന്നും യൂസഫ് വ്യക്തമാക്കി. ഷിബിലി മടങ്ങിയതിന് പിന്നാലെ സിദ്ധിഖും പോയി. ഷിബിലിയുടെ കൂടെ യുവതി ഉള്ളതായി അറിയില്ലെന്നും ഇയാൾ പറഞ്ഞു.
Assassination of Siddiqui; The body was chopped up and shocking information came out