മലപ്പുറം: തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ചുരത്തിൽ തള്ളിയ സംഭവത്തിൽ അന്വേഷണം സംഘം തെളിവെടുപ്പിനായി അട്ടപ്പാടിയിലേക്ക് തിരിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
ഇന്ന് രാവിലെ ഒൻപത് മണിയോടെ മൃതദേഹ പരിശോധന ആരംഭിക്കും. മൃതദേഹം കണ്ടെടുക്കുന്നത് കേസിൽ നിർണായകമാകും. മൃതദേഹം അട്ടപ്പാടി ചുരത്തിൽ ട്രോളി ബാഗിലാക്കി തള്ളി എന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്.
ഇന്നലെ രാത്രിയാണ് മലപ്പുറം തിരൂർ സ്വദേശിയായ വ്യവസായിയെ രണ്ടംഗ സംഘം കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചത്. തിരൂർ സ്വദേശി സിദ്ധിഖാണ് കൊല്ലെപ്പെട്ടത്. 58 വയസായിരുന്നു. അട്ടപ്പാടി ചുരത്തിൽ നിന്നാണ് ട്രോളി ബാഗ് കണ്ടെടുത്തത്.
കൊലനടത്തിയവരെന്ന് സംശയിക്കുന്ന ഷിബിലി എന്ന യുവാവും ഫർഹാന എന്ന യുവതിയും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഹോട്ടൽ ജീവനക്കാരനായ യുവാവും സുഹൃത്തും ചേർന്നാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നു. കൊലപാതകം നടന്നതെന്ന് സംശയിക്കുന്ന എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ തിരൂർ പൊലീസെത്തി അന്വേഷണം നടത്തി വരികയാണ്.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് ശേഖരിച്ചു. മണ്ണാർക്കാട് സ്വദേശികളായ പ്രതികളെ പൊലീസ് ചെന്നൈയിൽ നിന്നാണ് പിടികൂടിയത്.
Kozhikode businessman's murder incident; The investigation team went to Attapadi to collect evidence