നോണ്‍-വെജ് വിഭവങ്ങളില്‍ ഏറ്റവുമധികം ആരാധകരുള്ള വിഭവമാണ് ചിക്കൻ. കറി ആയോ റോസ്റ്റ് ആയോ ഫ്രൈ ആയോ എല്ലാമാണ് അധികപേരും ചിക്കൻ പതിവായി തയ്യാറാക്കാറ്.
വളരെ എളുപ്പത്തില്‍ കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ ചേരുവകള്‍ മാത്രം ഉപയോഗിച്ച് തയ്യാറാക്കാവുന്നൊരു ചിക്കൻ വിഭവത്തിന്‍റെ റെസിപിയാണിനി പങ്കുവയ്ക്കുന്നത്. 'ഹണി-ലെമണ്‍ ചിക്കൻ' എന്നാണിതിന്‍റെ പേര്. എങ്ങനെയാണിത് തയ്യാറാക്കുന്നതെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍...
തേൻ- ഇഷ്ടാനുസരണം (അധികമാകാതെ ശ്രദ്ധിക്കുക)
ചെറുനാരങ്ങാനീര്- അരമുറി
സോയ സോസ്- അര ടീസ്പൂണ്‍
വിനിഗര്‍ - അര ടീസ്പൂണ്‍
വെളുത്തുള്ളി - നാലോ അഞ്ചോ അല്ലി നന്നായി ചെറുതായി മുറിച്ചത്.
ചിക്കൻ - ബ്രെസ്റ്റ് പീസസ്
ചെറുനാരങ്ങ - വട്ടത്തില്‍ കനം കുറച്ച് മുറിച്ചത് രണ്ടോ മൂന്നോ കഷ്ണം.
വെളുത്തുള്ളി ചതച്ചത്- മൂന്നെണ്ണം
പുതിനയില - ആവശ്യാനുസരണം
കുരുമുളക് പൊടി - ഒരു ടീസ്പൂണ്‍.
മുളകുപൊടി - ഒരു ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം...
ആദ്യം ചിക്കൻ തയ്യാറാക്കാനുള്ള 'ഹണി- ലെമൺ സോസ്' ആണ് ചെയ്തുവെയ്ക്കേണ്ടത്. ഇതിന് തേൻ, ചെറുനാരങ്ങാനീര്, ചെറുതായി അരിഞ്ഞ വെളുത്തുള്ളി, സോയ സോസ്, വിനിഗര്‍ എന്നിവ നല്ലതുപോലെ ചേര്‍ത്തുയോജിപ്പിക്കുക.
ഇനിയത് അല്‍പനേരം ഇരിക്കാൻ വെയ്ക്കണം. ഇനി ചിക്കൻ പാകം ചെയ്യാൻ തുടങ്ങാം. അടി കട്ടിയുള്ളൊരു പാൻ ചൂടാക്കി എണ്ണ ചേര്‍ത്ത് ഇതിലേക്ക് ചതച്ച വെളുത്തുള്ളിയും ചെറുനാരങ്ങ കഷ്ണങ്ങളും ചേര്‍ക്കണം.
പിറകെ തന്നെ ചിക്കൻ ബ്രെസ്റ്റ് പീസുകളും. ഇനി ചിക്കൻ രണ്ട് വശവും നല്ലതുപോലെ വേവിച്ച് പാകമാക്കിയെടുക്കണം. കൂട്ടത്തില്‍ ഉപ്പ്, കുരുമുളകുപൊടി, മുളകുപൊടി എന്നിവയും ചേര്‍ക്കണം.
ശേഷം കാല്‍ക്കപ്പ് നേരത്തെ തയ്യാറാക്കി വെച്ച സോസ് ചേര്‍ക്കാം. ചിക്കൻ ഗോള്‍ഡൻ ബ്രൗണ്‍ നിറമാകുന്നത് വരെ തിരിച്ചും മറിച്ചുമിട്ട് വേവിച്ചെടുക്കണം. അവസാനം അല്‍പം പുതിനയില ചെറുതായി അരിഞ്ഞത് കൂടി വിതറി ചിക്കൻ പാനില്‍ നിന്ന് സെര്‍വ് ചെയ്യുന്ന പാത്രത്തിലേക്ക് മാറ്റാം. രുചികരവും വ്യത്യസ്തവുമായ ചിക്കൻ വിഭവം തയ്യാര്‍.
Let's see how to prepare Honey-Lemon Chicken