ഇടുക്കി : കടബാധ്യതയെ തുടര്‍ന്ന് മക്കള്‍ക്ക് വിഷം നല്‍കി ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികള്‍ മരിച്ചതോടെ അനാഥരായത് മൂന്ന് പിഞ്ചുകുട്ടികള്‍. വിഷം ഉള്ളില്‍ച്ചെന്ന മക്കളെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

കഞ്ഞിക്കുഴി ടൗണില്‍ ചായക്കട നടത്തുന്ന ഇടുക്കി പുന്നയാര്‍ ചൂടന്‍സിറ്റി സ്വദേശി കാരാടിയില്‍ ബിജു (46), ഭാര്യ ടിന്‍റു (40) എന്നിവരാണ് മരിച്ചത്. മക്കള്‍ക്ക് വിഷംകൊടുത്തശേഷം ദമ്ബതികള്‍ വിഷംകഴിച്ച് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.
ജൂസില്‍ വിഷംകലര്‍ത്തി നല്‍കുകയായിരുന്നു. കയ്പാണെന്നുപറഞ്ഞ് മൂത്ത പെണ്‍കുട്ടി അല്‍പംമാത്രമാണ് കഴിച്ചത്. ബിജു-ടിന്‍റു ദമ്ബതികളുടെ 11 വയസ്സുള്ള പെണ്‍കുട്ടിയും എട്ടും രണ്ടും വയസ്സുള്ള ആണ്‍കുട്ടികളുമാണ് ഇടുക്കി മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ബിജുവും ടിന്‍റുവും കഞ്ഞിക്കുഴിയില്‍ ഹോട്ടല്‍ നടത്തുകയാണ്. വെള്ളിയാഴ്ച കട തുറന്നിരുന്നില്ല. അയല്‍ക്കൂട്ടങ്ങളില്‍നിന്നുള്‍പ്പെടെ എടുത്തിട്ടുള്ള വായ്പകള്‍ മൂലമുള്ള ലക്ഷങ്ങളുടെ കടബാധ്യതയാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.
അച്ഛനും അമ്മയും ഛര്‍ദിച്ച് കിടക്കുന്നതായി ഈ പെണ്‍കുട്ടി സമീപത്തെ വീട്ടിലെത്തി അറിയിച്ചശേഷം അവിടെ തളര്‍ന്നുവീണു. ഉടന്‍ അയല്‍വാസികള്‍ അറിയിച്ചതനുസരിച്ച് കഞ്ഞിക്കുഴി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആംബുലന്‍സെത്തി നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചു.
ആദ്യം രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടാതിരുന്ന ഇളയ കുട്ടിയെ പിന്നീട് കഞ്ഞിക്കുഴി പൊലീസെത്തി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഡ്രൈവര്‍ ഉപ്പുവെള്ളം നല്‍കി ഛര്‍ദിപ്പിച്ചതാണ് കുട്ടികള്‍ക്ക് രക്ഷയായത്.
ബിജുവിന്‍റെ മാതാവ് വെള്ളിയാഴ്ച രാവിലെ ഇവരുടെ വീട്ടിലുണ്ടായിരുന്നു. ഇവര്‍ കഞ്ഞിക്കുഴിക്കുപോയ സമയത്താണ് കുടുംബം ആത്മഹത്യക്ക് ശ്രമിച്ചത്. ബിജുവിന്‍റെയും ടിന്‍റുവിന്‍റെയും മൃതദേഹങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
Attempted suicide by giving poison to children due to debt; The couple's death left three young children orphaned.
