Featured

സൂര്യ ഗായത്രി വധക്കേസ്; പ്രതി അരുണിന് ജീവപര്യന്തം തടവുശിക്ഷ

Kerala |
Mar 31, 2023 06:13 PM

തിരുവനന്തപുരം : നെടുമങ്ങാട് സൂര്യ ഗായത്രി വധക്കേസിൽ പ്രതി അരുണിന് ജീവപര്യന്തം തടവുശിക്ഷ. ആറ് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തിരുവനന്തപുരം അഡീ.ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി.

2021 ഓഗസ്റ്റ് 30നാണ് സുര്യ ഗായത്രിയെ അരുൺ (29) കുത്തിക്കൊന്നത്. വിവാഹാഭ്യർത്ഥന നിരസിച്ചതിനായിരുന്നു കൊലപാതകം. ഭിന്നശേഷിക്കാരും നിസ്സഹായരുമായ മാതാപിതാക്കളുടെ മുന്നിൽ വച്ചാണ് 20 വയസ്സുകാരിയായ മകളെ 33 പ്രാവശ്യം കുത്തി അതിക്രൂരമായി കൊലപ്പെടുത്തിയത്.

അമ്മ വത്സലയ്ക്കും അച്ഛന്‍ ശിവദാസനുമൊപ്പം വീട്ടിനുള്ളിലിരിക്കുകയായിരുന്നു സൂര്യഗായത്രി. ശബ്ദം കേട്ട് ഗായത്രിയും അച്ഛൻ ശിവദാസനും പുറത്തിറങ്ങി. പിന്നിലെ വാതിൽകൂടി അകത്ത് കയറി അരുണ്‍ വീട്ടിനുളളിൽ ഒളിച്ചിരുന്നു. അകത്തേക്ക് കയറിയ സൂര്യഗായത്രിയെ അരുണ്‍ ആക്രമിച്ചുവെന്നാണ് കേസ്.

തടയാൻ ശ്രമിച്ച അച്ഛൻ ശിവദാസനെ അടിച്ച് നിലത്തിട്ടു. വീട്ടിനു മുന്നിലിരുന്ന ഭിന്ന ശേഷിക്കാരിയായ അമ്മ ഇഴഞ്ഞു വന്ന് മകളെ രക്ഷിക്കാൻ ശ്രമിച്ചപ്പോള്‍ അമ്മയെയും അരുണ്‍ ആക്രമിച്ചു. സൂര്യഗായത്രി വിവാഹ ആലോചന നിരസിച്ചതിലെ വൈരാഗ്യമായിരുന്നു അരുംകൊലക്ക് കാരണമെന്നാണ് പ്രോസിക്യൂഷൻ വാദം.

സൂര്യഗാത്രിയുടെ തല ചുമരിൽ ഇടിച്ച ശേഷം പ്രതി ഓടി രക്ഷപ്പെട്ട് അടുത്ത് വീട്ടിലെ ടെറസിൽ കയറി ഒളിച്ചിരുന്നു. നാട്ടുകാർ പിടികൂടിയപ്പോള്‍ വിവാഹ വാദ്ഗാനം നിരസിച്ചതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അരുണ്‍ സമ്മതിച്ചു. ഈ സാക്ഷി മൊഴികള്‍ നിർണായകമായി.

വീട്ടിലെത്തി സംസാരിക്കുമ്പോള്‍ സൂര്യഗായത്രി കത്തി എടുത്ത് കുത്താൻ ശ്രമിച്ചപ്പോള്‍ പിടിച്ചുവാങ്ങി തിരിച്ചാക്രമിച്ചുവെന്ന് അരുണിൻെറ അഭിഭാഷകൻ വാദിച്ചു. എന്നാൽ അക്രമത്തിനിടെ പരിക്കേറ്റ അരുണിനെ ചികിത്സിച്ച ഡോക്ടർ ഈ വാദം തള്ളി.

സൂര്യഗായത്രിയെ കുത്തിയ ശേഷം കത്തി മടക്കിയപ്പോഴാണ് അരുണിന് പരിക്കേറ്റതെന്ന പ്രോസിക്യൂഷൻ സാക്ഷിയായ ഡോക്ടറുടെ മൊഴിയും നിർണായകമായി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദ്ദീൻ ഹാജരായി. ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പ്രതിയായ അരുണ്‍ അറസ്റ്റ് ചെയ്ത അന്നു മുതൽ ജയിലിലാണ്.

Surya Gayatri murder case; Accused Arun sentenced to life imprisonment

Next TV

Top Stories