കൊല്ലം: വിവാഹത്തിൽ നിന്നും പ്രതിശ്രുത വരൻ പിന്മാറിയതിനെ തുടർന്ന് കൊല്ലം കടയ്ക്കലിൽ യുവതി ആത്മഹത്യചെയ്ത കേസിൽ യുവാവ് പിടിയിൽ. കാട്ടാമ്പള്ളി സ്വദേശിയായ അഖിലിനെയാണ് ബംഗളൂരുവിൽ നിന്നും കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയഞ്ചിനാണ് യുവതി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്.

അഖിലും കടയ്ക്കൽ സ്വദേശിയായ യുവതിയും തമ്മിൽ രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ജാതി പ്രശ്നത്തിന്റെ പേരിൽ അഖിലിന്റെ വീട്ടുകാർ ബന്ധത്തെ എതിര്‍ത്തു.
എന്നാൽ കഴിഞ്ഞ മാസം പതിനഞ്ചിന് രാത്രി യുവതിയെ അഖിൽ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടു പോയി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെത്തുടര്‍ന്ന് കടയ്ക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരേയും കണ്ടെത്തിയത്.
തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ തങ്ങൾ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനാണ് കൂട്ടിക്കൊണ്ട് പോയതെന്നും അഖിൽ മൊഴി നൽകി. ഇതോടെ വീട്ടുകാർ ഫെബ്രുവരി 24 ന് വിവാഹമുറപ്പിച്ചു.
കല്ല്യാണ ദിവസം പെണ്‍കുട്ടി എത്തിയെങ്കിലും യുവാവ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചതെന്നാണ് പരാതി.
അഖിലിനെതിരെ ആത്മഹത്യ പ്രേരണാ കുറ്റം, പട്ടിക ജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം ,ബലാത്സംഗം ,വഞ്ചനാ കുറ്റം എന്നിവ ചുമത്തി കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
The incident where the bridegroom withdrew from the marriage and the woman committed suicide; The fiance was arrested
