ബെംഗളുരു : ബെംഗളുരുവിൽ എയർ ഹോസ്റ്റസായ യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഹിമാചൽപ്രദേശ് സ്വദേശിയായ അർച്ചന ധീമാനാണ് കൊല്ലപ്പെട്ടത്. ഫ്ലാറ്റിന്‍റെ നാലാം നിലയിൽ നിന്ന് കാമുകനായ മലയാളി യുവാവ് ആദേശ് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് കോറമംഗല പൊലീസ് പറഞ്ഞു.

കേസിൽ ഇയാൾ നേരത്തെ അറസ്റ്റിലായിരുന്നു. ഹിമാചൽ പ്രദേശിലെ ഭവൻ സ്വദേശിയും സിംഗപ്പൂർ എയർലൈൻസിലെ ക്യാബിൻ ക്രൂ അംഗവുമായിരുന്ന അർച്ചന, ആദേശിനെ കാണാനാണ് ബെംഗളൂരുവിലെത്തിയത്. ആദേശ് അർച്ചനയെ തള്ളിയിട്ട് കൊന്നതാണെന്ന് അർച്ചനയുടെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. ശനിയാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ബെംഗളുരുവിലെ കോറമംഗള മല്ലപ്പ റെഡ്ഡി ലേ ഔട്ടിലുള്ള അപ്പാർട്ട്മെന്‍റിൽ ആൺസുഹൃത്തായ ആദേശിനെ കാണാനെത്തിയതായിരുന്നു അർച്ചന. ദുബൈയിൽ നിന്നാണ് അർച്ചന ബെംഗളൂരുവിൽ എത്തിയത്.
ഡേറ്റിങ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പട്ടതും ബന്ധത്തിലായതും. ശനിയാഴ്ച വൈകിട്ടോടെ ബെംഗളുരു ഫോറം മാളിൽ സിനിമയ്ക്ക് ഇരുവരും ഒപ്പം പോയി, ഒരു പാർട്ടിയിലും പങ്കെടുത്തു. എന്നാൽ, വീട്ടിൽ എത്തിയ അർച്ചനയും ആദേശും വാക്കുതർക്കമുണ്ടായി. ആദേശിന്റെ മറ്റൊരു ബന്ധത്തെ ചൊല്ലിയാണ് തർക്കമുണ്ടായതെന്നും പൊലീസ് പറഞ്ഞു.
തുടർന്ന് ബാൽക്കണിയിലേക്ക് പോയ അർച്ചന കാൽ തെറ്റി താഴേയ്ക്ക് വീണു എന്നാണ് ആദേശ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. അർച്ചനയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് ആദേശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എന്നാല്‍ ആദേശും അർച്ചനയും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നെന്നും ആദേശ് അർച്ചനയെ മുകളിൽ നിന്ന് തള്ളിയിട്ട് കൊന്നതാണെന്നുമാണ് ബെംഗളുരുവിലെത്തിയ അർച്ചനയുടെ കുടുംബം ആരോപിച്ചത്. പ്രാഥമിക അന്വേഷണത്തിൽ ആദേശ് അർച്ചനയെ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതായി പൊലീസും വ്യക്തമാക്കി.
ഇതേത്തുടർന്ന് ആദേശിനെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. ബെംഗളുരുവിലെ ഒരു ഐടി കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറാണ് കാസര്‍കോട് ആദേശ്.
The incident of the death of a young air hostess in Bengaluru; The police confirmed that it was a murder
