മുംബൈ : മുംബൈയിൽ മകൾ അമ്മയെ കൊന്നു മൃതദേഹം അലമാരയിൽ സൂക്ഷിച്ച സംഭവം. കൊലപാതകത്തിന് പുറത്തുനിന്ന് സഹായം കിട്ടിയോ എന്ന് പോലീസ് അന്വേഷിക്കുന്നു. പ്രതി റിമ്പിൾ ജെയിനിന്റെ ഉത്തർപ്രദേശിൽ ഉള്ള ആൺ സുഹൃത്തിനെ പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും. പോലീസ് സംഘം കാൺപൂരിലേക്ക് തിരിച്ചു.

ജെയിൻ പ്രതിയുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പോലീസ്. കൊലപാതകം നടന്നു എന്ന് സംശയിക്കുന്ന ദിവസങ്ങളിൽ ഇയാൾ മുംബൈയിൽ ഉണ്ടായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. അമ്മയെ വെട്ടിക്കൊന്ന് അലമാരയിൽ സൂക്ഷിച്ച സംഭവത്തിൽ 24 കാരിയായ റിംപിൾ ജെയിനിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ദുരൂഹതകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്.
കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്തെന്ന് ഇതുവരെ കണ്ടെത്താനായില്ല. ദാദറിനടുത്ത് ലാൽ ബാഗിലാണ് കാലും കൈയും വെട്ടിമാറ്റിയ ശേഷം അമ്മയുടെ മൃതദേഹം മകൾ റിംപിൾ ജെയ്ൻ അലമാരയിൽ സൂക്ഷിച്ചത്. ഇരുവരും മാത്രമായിരുന്നു ഒറ്റമുറി ഫ്ലാറ്റിൽ താമസിച്ചിരുന്നത്.
കഴിഞ്ഞ 2 മാസമായി ബന്ധുക്കൾ അന്വേഷിക്കുമ്പോഴൊക്കെ അമ്മ കാൺപൂരിൽ പോയെന്നാണ് റിംപിൾ പറഞ്ഞ് കൊണ്ടിരുന്നത്. മൃതദേഹത്തിൽ നിന്നുള്ള ദുർഗന്ധം മറയ്ക്കാനായി 200 ബോട്ടിൽ പെർഫ്യൂം വാങ്ങി ഒഴിച്ചതായി പ്രതി റിംപിൾ ജെയിൻ പൊലീസിന് മൊഴി നൽകി. വരുമാനമൊന്നുമില്ലാത്തതാൽ അമ്മ വീണയുടെ സഹോദരൻ മാസം നൽകുന്ന പണം ഉപയോഗിച്ചാണ് ഇരുവരും കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസം പണം നൽകാനായി എത്തിയ അമ്മാവന്‍റെ മകനാണ് ദുരൂഹത തോന്നി ബന്ധുക്കളെ വിളിച്ച് വരുത്തിയതും പൊലീസിൽ വിവരം അറിയിച്ചതും. പണം നൽകാനെത്തിയ ബന്ധുവിനെ അകത്ത് കയറാൻ അനുവദിക്കാതിരുന്നതാണ് സംശയം തോന്നാനിടയാക്കിയത്. പിന്നീട് പൊലീസ് നടത്തിയ പരിശോധനയിൽ അലമാരയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി.
The incident where the daughter killed her mother and kept the body in the cupboard; Daughter's boyfriend will be taken into custody
