Mar 17, 2023 08:11 AM

കണ്ണൂർ : സ്വപ്നയ്ക്കെതിരായ പരാതിയിൽ ക്രൈം ബ്രാഞ്ച് വിജേഷ് പിള്ളയുടെ മൊഴി എടുത്തു. ബുധനാഴ്ച്ചയാണ് കണ്ണൂരിലെ വീട്ടിൽ എത്തി മൊഴി എടുത്തത്. കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ലെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. പ്രാഥമിക പരിശോധന ആണ് ഇപ്പോൾ നടക്കുന്നത് എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സ്വപ്ന ബ്ലാക്ക് മെയിൽ ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു വിജേഷ് പരാതി നൽകിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഇടനിലക്കാരനെന്ന നിലയിൽ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന സുരേഷ്, വിജേഷ് പിള്ളയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ സ്വപ്ന ബെംഗളുരുവിലെ കെ ആർ പുര പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു.

30 കോടി രൂപ നൽകാമെന്നും കൈയ്യിലുള്ള മുഴുവൻ തെളിവുകളും നശിപ്പിച്ച് കുടുംബത്തോടൊപ്പം നാടുവിടണമെന്നുമാണ് വിജേഷ് തന്നെ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്ന ആരോപിച്ചത്. സ്വപ്നയുടെ പരാതിയിൽ വധഭീഷണിക്കേസാണ് വിവിധ വകുപ്പുകൾ ചുമത്തി കെ ആർ പുര പൊലീസ് വിജേഷിനെതിരെ എടുത്തിരിക്കുന്നത്.

സംഭവത്തിൽ സ്വപ്ന ബെംഗളുരു പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. വിജേഷും പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനിടെയാണ് സ്വപ്നയ്ക്കെതിരെ വിജേഷ് പിള്ള ക്രൈംബ്രാഞ്ചിന് പരാതി നൽകിയത്. ഇതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനെതിരെ നടത്തിയ അരോപണത്തിൽ അദ്ദേഹം സ്വപ്നയ്ക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.

സ്വപ്നയുടെ പരാമർശം അപകീർത്തി ഉണ്ടാക്കിയെന്നും ആരോപണം പിൻവലിച്ച് സ്വപ്ന മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നുമാണ് എം വി ഗോവിന്ദൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ താൻ മാപ്പു പറയില്ലെന്നാണ് ഉടുവിലായി സ്വപ്ന പ്രതികരിച്ചത്. മാപ്പ് പറയണമെങ്കില്‍ ഒരിക്കല്‍ കൂടി ജനിക്കണമെന്നാണ് മൊഴി നൽകി പുറത്തുവന്ന ശേഷം സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞത്.

Crime Branch took the statement of Vijesh Pillai

Next TV

Top Stories