കുമളി : ഇടുക്കി കുമളിക്ക് സമീപം പതിനാറുകാരിയായ സ്ക്കൂൾ വിദ്യാർത്ഥിനി വീട്ടിൽ വച്ച് പ്രസവിച്ചു. ഇന്ന് രാവിലെയാണ് സംഭവം. വീട്ടുകാർ അറിയിച്ചതിനെ തുടന്ന് കുമളി പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പൊലീസ് തിരച്ചിൽ തുടങ്ങി. ഇരുവരും സ്നേഹത്തിലായിരുന്നു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. കുട്ടി ഇന്ന് സ്കൂളിൽ പോയിരുന്നില്ല.
ശാരീരികമായ അസ്വാസ്ഥ്യമുണ്ടെന്ന് കുട്ടി ഇന്നലെ വൈകീട്ട് മുതൽ പറയുന്നുണ്ട്. കുട്ടി ഗർഭിണിയാണെന്നതിന്റെ സൂചനകളൊന്നും ബന്ധുക്കൾക്ക് ലഭിച്ചിരുന്നില്ല. പ്രാഥമികമായി കുട്ടിയോട് അന്വേഷിച്ചറിഞ്ഞതിൽ നിന്ന് കുട്ടിയോട് ഒപ്പം പഠിച്ചിരുന്നയാളാണ് പീഡിപ്പിച്ചിരുന്നതെന്ന് മനസ്സിലായി.
ആൺകുട്ടിക്കും പ്രായപൂർത്തിയായിട്ടില്ല. ഇരുവർക്കും പ്രായപൂർത്തിയാകാത്ത സാഹചര്യത്തിൽ പോക്സോ വകുപ്പുകളടക്കം ചുമത്തി കേസെടുക്കുന്നതിന് ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി അന്വേഷിച്ചതിന് ശേഷം ആയിരിക്കും പൊലീസ് ആൺകുട്ടിക്കെതിരെ നടപടി എടുക്കുക.
പെൺകുട്ടി പൂർണ്ണ ആരോഗ്യവതിയാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. മറ്റാരും പീഡിപ്പിച്ചിട്ടില്ലെന്നാണ് പെൺകുട്ടി തന്നെ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഈ മൊഴി പൊലീസ് പൂർണ്ണമായും മുഖവിലയ്ക്കെടുക്കുന്നില്ല. മറ്റാരെങ്കിലും പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോ എന്നതിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.
School girl gives birth at home in Idukki; The police started searching for the classmate
