തിരുവനന്തപുരം: അശ്ലീല സൈറ്റിൽ ഫോട്ടോ അപ്‌ലോഡ് ചെയ്ത സംഭവം ഒത്തുതീർക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കാട്ടാക്കട എസ്.എച്ച്.ഒക്കെതിരെ അന്വേഷണം.

ഇരയായ യുവതി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ പൊലീസ് ഹെഡ് കോർട്ടേഴ്സ് സ്പെഷൽ സെൽ എസ്.പിക്ക് ഡി.ജി.പി നിർദ്ദേശം നൽകി.
ജനുവരി 25നായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുടെ ഫോട്ടോയും പേരും വയസ്സുമടക്കം അശ്ലീല സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. തുടർന്ന് യുവതിയുടെ ഫോണിലേക്ക് പല നമ്പരുകളിൽ നിന്നും മെസേജുകൾ വന്നു. അന്വേഷണത്തിൽ ഫോട്ടോ ഇത്തരത്തിൽ ദുരുപയോഗം ചെയ്തതായി കണ്ടെത്തി.
ജനുവരി 31ന് സൈബർ പൊലീസിലും ഫെബ്രുവരി ഒന്നിന് കാട്ടാക്കട പൊലീസിലും യുവതി പരാതി നൽകി. സംശയമുള്ളയാളിന്‍റെ പേരും ഫോൺ നമ്പരുമടക്കമാണ് പരാതി നൽകിയത്.
അഞ്ച് ദിവസമായിട്ടും നടപടി സ്വീകരിക്കാതിരുന്ന കാട്ടാക്കട എസ്.എച്ച്.ഒ ആറിന് പ്രതിയെയും പരാതിക്കാരിയെയും വിളിച്ചു വരുത്തിയ ശേഷം പരാതി ഒത്തുതീർക്കാൻ നിർബന്ധിക്കുകയായിരുന്നെന്നാണ് പരാതി.
അതിന് തയാറല്ലെന്ന് അറിയിച്ച യുവതി തിരുവനന്തപുരം റൂറൽ എസ്.പിക്ക് പരാതി നൽകി. ഈ പരാതി അന്വേഷിക്കാൻ ഇതേ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതോടെയാണ് യുവതി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയത്.
Complaint that he tried to settle the incident of uploading a photo on a pornographic site; Inquiry against SHO
