ദ്യകാലത്ത് നഗരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു കുടുംബകോടതിയെങ്കിൽ ഇപ്പോൾ നാട്ടിൽ പ്രദേശങ്ങളിലും കുടുംബകോടതി വരുന്നു. ഈയടുത്താണ് നിലവിലുള്ള സൗകര്യങ്ങളേക്കാൾ മെച്ചപ്പെട്ട നിലയിൽ വടകരയിലും പുതുതായി കുടുംബ കോടതി വരുന്നു എന്ന വാർത്ത മനസ്സിലാക്കിയത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ നാട്ടിൽ പ്രദേശങ്ങൾ അണുകുടുംബ വ്യവസ്ഥയിലേക്ക് മാറിയതോടുകൂടി അതിഭീകരമായ രീതിയിലാണ് വിവാഹമോചനങ്ങളും വർദ്ധിക്കുന്നത്. പഴയകാലത്ത് കുടുംബത്തിന്റെ കാര്യങ്ങൾ ശ്രദ്ധിക്കുവാനായി ഒരു മുതിർന്ന വ്യക്തി ഉണ്ടാകുമായിരുന്നു.
ഇന്ന് അവനവന്റെ കുടുംബകാര്യങ്ങൾ നിർണയിക്കുന്നത് അവനവൻ തന്നെയാണ്. ഇതിൽ ഒരു ബോധവൽക്കരണത്തിന്റെ പ്രശ്നം നിലനിൽക്കുന്നുണ്ട്. അതുകൊണ്ടാണ് നാട്ടിൽ പല നിസാര കാര്യങ്ങൾക്ക് പോലും വിവാഹമോചനം എന്ന ദുരവസ്ഥയിലേക്ക് എത്തുന്നത്.
വിവാഹത്തേക്കാൾ കൂടുതൽ വിവാഹമോചനം വർദ്ധിക്കുന്ന പ്രദേശങ്ങളായി മാറുകയാണോ നമ്മുടെ നാട്ടിൻപുറങ്ങൾ എന്നാരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല. ഇക്കാര്യത്തിൽ രാഷ്ട്രീയ ഭേദമന്യേ എല്ലാം മഹിളാ സംഘടനകളും ഒന്നിച്ചു നിൽക്കേണ്ട കാലഘട്ടം കൂടിയാണ്. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളിൽ വഴിയാധാരമാകുന്നത് പാവം കുട്ടികളാണ്.
എവിടെയാണ് എൻ്റെ അച്ഛൻ? എവിടെയാണ് എൻറെ അമ്മ? എന്ന് ഭാവിയിൽ പരുതി നോക്കേണ്ട അവസ്ഥയാണ്. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ സ്വാഭാവികമാണ്. അതേ വേഗതയിൽ തന്നെ അത് പരിഹരിക്കുവാനും സാധിക്കണം. എന്തുകൊണ്ടോ കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി അത് സംഭവിക്കുന്നില്ല. ഇത് സമൂഹത്തിന്റെ ശൂന്യതയാണ് പ്രതിഫലിക്കുന്നത്.
ബന്ധങ്ങൾ തകരാതെ, വേണ്ട മാർഗം നിർദ്ദേശങ്ങൾ പറഞ്ഞു കൊടുക്കുവാൻ കുടുംബാംഗങ്ങളും, ബന്ധുക്കളും ഉൾപ്പെടെയുള്ളവർ ബാധ്യസ്ഥരാണ്. ഇക്കാര്യത്തിൽ അവർ അവരുടേതായ കടമ നിർവഹിക്കുന്നുണ്ടോ എന്ന് സ്വയം വിമർശന വിധേയമാക്കേണ്ടതുമാണ്. മധ്യസ്ഥ ചർച്ചകൾ പലതും, പിടി വാശി ചർച്ചകളായി മാറുന്നു. വിട്ടുവീഴ്ച എന്നൊരു പക്ഷം ഇല്ലാതായിരിക്കുന്നു.
അതുകൊണ്ടുതന്നെ പുതിയ കാലഘട്ടത്തിൽ ഈ കാര്യങ്ങളെയൊക്കെ സമചിത്തതയോടെ ഇടപെടേണ്ടത് ഇവിടുത്തെ മഹിളാ സംഘടനകളും രാഷ്ട്രീയ നേതൃത്വവും ആണ്. വിദ്യാഭ്യാസപരമായി പെൺകുട്ടികളും, സ്ത്രീകളും വളരെ മുൻപന്തിയിലാണ് ഈ പുതിയ കാലത്ത്. അതുകൊണ്ടുതന്നെ അവരുടെ കാഴ്ചപ്പാടിലും വിചാരധാരയിലും മാറ്റമുണ്ടായിട്ടുണ്ട്. അത് മനസ്സിലാക്കുവാനും അംഗീകരിക്കുവാനും ചില പുരുഷന്മാർക്ക് സാധ്യമാകുന്നില്ല എന്ന ഒരു സങ്കടകരമായ വസ്തുതയുണ്ട്.
കല്യാണം കഴിച്ചു വീട്ടിലേക്കു വരുന്ന പെണ്ണ് ഇവിടുത്തെ സകല ജോലികളെല്ലാം ചെയ്യേണ്ട കേവലം ഒരു അടിമ പോലെയാണ് എന്ന സങ്കല്പം ഇന്നും പല വീടുകളിലും വിട്ടുപോയിട്ടില്ല.
തീർത്തും തെറ്റായ ഈ ഒരു പ്രവണത എത്രയും പെട്ടെന്ന് നമ്മുടെ നാട്ടിൻപുറത്ത് നിന്ന് മാറ്റേണ്ടതുണ്ട്. ഭക്ഷണം വൈകിയതിന്റെ പേരിൽ, വീട് വൃത്തിയാക്കാത്തതിന്റെ പേരിൽ, അലക്കാത്തത്തിന്റെ പേരിൽ, ഫോണിൽ സംസാരിച്ചതിന്റെ പേരിൽ തുടങ്ങി വളരെ നിസ്സാരമായ പല പ്രശ്നങ്ങളും ഉണ്ടെന്ന് വരുത്തി വിവാഹമോചനം നേടിയ പല പുരുഷന്മാരും ഇവിടെയുണ്ട്.
അതുകൊണ്ട് ഒരു ഭാഗത്ത് സ്ത്രീശാക്തീകരണ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമ്പോഴും, മറുഭാഗത്ത് അജ്ഞതയാണ്. ഇക്കാര്യത്തിൽ വിവാഹം കഴിച്ചതും, ഇനി കഴിക്കാൻ പോകുന്ന പുരുഷന്മാർ ഉൾപ്പെടെയുള്ളവർക്കും, അവരുടെ ബന്ധുക്കൾക്കും നിർബന്ധമായും കൗൺസിലിംഗും ബോധവൽക്കരണവും നൽകണം. പുതിയ കാലഘട്ടത്തിൽ പെൺകുട്ടികളെക്കാൾ വിദ്യാഭ്യാസ നിലവാരത്തിൽ ആൺകുട്ടികൾ പിന്നിലാണ്.
പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തെ ചോദ്യം ചെയ്യാതെ അവരും വിദ്യാഭ്യാസം കരസ്ഥമാക്കുവാൻ ശ്രമിക്കണം. താൻ പഞ്ചായത്ത് പ്രസിഡണ്ടായി അധികാരമേറ്റതിനു ശേഷം അഞ്ചോളം വിവാഹമോചന കേസുകളെ സമചിത്തതയോടെ ഇടപെട്ട് ബോധവൽക്കരണം നടത്തി രണ്ടുപേരെയും ശാന്തമാക്കിയിട്ടുണ്ട്. ദാമ്പത്യ ജീവിതം തകർന്നാൽ അത് പ്രതികൂലമായി ബാധിക്കുക നിങ്ങളുടെ കുട്ടികളുടെ ഭാവിയെയാണ്.
കുട്ടിക്ക് നാളെ അച്ഛനെയോ അമ്മയേയോ സ്വന്തമായി കിട്ടണമെന്നില്ല. അവന്റെ ആവലാതികൾ പറയാൻ പിന്നെ ഒരു രക്ഷിതാവ് ഉണ്ടാവില്ല. അനാഥമാകുന്ന ബാല്യങ്ങളാണ് ഒരു പക്ഷേ സമൂഹത്തിന് ബാധ്യത ആകുന്നതും. അതുകൊണ്ട് പഞ്ചായത്തുകളും വാർഡുകളും കേന്ദ്രീകരിച്ചുകൊണ്ട് ബോധവൽക്കരണ പരിപാടിയും കൗൺസിലിങ്ങും കൊണ്ടല്ലാതെ ഈയൊരു വലിയ പ്രതിസന്ധിക്ക് മാറ്റം കൊണ്ടുവരുവാൻ സാധ്യമല്ല. അതിന് ഓരോരുത്തരും അവരുടേതായ കടമ നിർവഹിക്കണം. എന്നാണ് എന്റെ അഭിപ്രായം.

Article by പി. സുരയ്യ ടീച്ചർ
വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
Life is not easy; Don't make girls the way- P. Suraiya teacher
