തിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസിനെതിരെ യൂത്ത് കോൺഗ്രസ് നിയമസഭയ്ക്ക് മുന്നിലേക്ക് മാർച്ച് നടത്തി. ഇരുചക്രവാഹനം കൊണ്ടു വന്ന് പ്രതിഷേധ സ്ഥലത്തിട്ട് പെട്രോളൊഴിച്ച് കത്തിച്ചു.

അതിന് ശേഷം ബാരിക്കേഡുകൾ തള്ളിമാറ്റാനുള്ള ശ്രമം പൊലീസ് തടഞ്ഞു. പിരിഞ്ഞ് പോകാതെ വീണ്ടും പ്രതിഷേധിക്കാനൊരുങ്ങിയ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
മഹാ പ്രളയത്തിനും കൊവിഡ് മാരിക്കും ശേഷം ജനങ്ങൾക്ക് മുകളിൽ പെയ്തിറങ്ങിയ ജന ദ്രോഹ ബജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രഖ്യാപിച്ചു.
ഇന്ധനികുതിക്കെതിരെ കേന്ദ്രത്തിനെതിരെ സമരം നടത്തിയ ഇടതുപക്ഷം ഇപ്പോൾ കേരളത്തിൽ നികുതി ചുമത്തുകയാണ്. നിയമസഭയിൽ അഞ്ച് മിനിറ്റ് സംസാരിച്ചാൽ പോലും ടാക്സ് ചുമത്തുമോയെന്ന് ബജറ്റ് രേഖകൾ വായിച്ചാലേ അറിയാൻ കഴിയൂവെന്നും സതീശൻ പരിഹസിച്ചു.
വിലക്കയറ്റത്തിൽ പ്രതിസന്ധിയിലായ ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാൻ സമ്മതിക്കില്ല. പ്രതിഷേധം ശക്തമാക്കും. നിയമസഭക്കുള്ളിൽ നാല് എംഎൽഎമാർ സത്യഗ്രഹമിരിക്കും.
ഷാഫി പറമ്പിൽ, സിആർ മഹേഷ്, മാത്യു കുഴൽ നാടൻ, നജീബ് കാന്തപുരം എന്നിവരാണ് സത്യഗ്രഹമിരിക്കുന്നത്. നിയമസഭക്ക് പുറത്തും വലിയ തോതിൽ സമരം നടത്താനാണ് യുഡിഎഫ് തീരുമാനം. നാളെ എല്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കും. 13 ന് യുഡിഎഫ് ജില്ലാ കേന്ദ്രങ്ങളിൽ രാപ്പകൽ സമരവും നടത്തും.
Youth Congress march against fuel cess; The two-wheeler was doused with petrol and set on fire
