ലഖ്നൗ : സ്ത്രീധനത്തിന്‍റെ പേരിൽ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഭർത്താവ് ഭാര്യയെ കോടാലി കൊണ്ട് കഴുത്തിൽ വെട്ടി കൊന്നു. 22 കാരിയായ കാജലിനെ ഭർത്താവ് രവിയാണ് കൊലപ്പെടുത്തിയത്. ഇക്കോടെക്-വൺ ഏരിയയിലെ ഘർബറ ഗ്രാമത്തിലാണ് സംഭവം.

എസ്.എസ്.പി വിശാൽ പാണ്ഡെ പറയുന്നതനുസരിച്ച്, ഗ്രേറ്റർ നോയിഡ സെക്ടർ-36 ലെ താമസക്കാരനായിരുന്ന രവി, 2022 മാർച്ചിലാണ് കാജലിനെ വിവാഹം കഴിച്ചത്. അന്നുമുതൽ സ്ത്രീധനത്തെച്ചൊല്ലി ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു.
തങ്ങൾക്ക് താങ്ങാവുന്നതിലും കൂടുതൽ സ്ത്രീധനം വിവാഹ സമയത്ത് നൽകിയതായി പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിനെ അറിയിച്ചു. പക്ഷെ, വിവാഹശേഷം കൂടുതൽ പണത്തിനും മോട്ടോർ ബൈക്കിനും വേണ്ടി ഭർതൃവീട്ടുകാർ കാജലിനെ ഉപദ്രവിക്കാറുണ്ടായിരുന്നു.
തുടർന്നാണ് ഭർത്താവ് ക്രൂരകൃത്യം നടത്തിയത്. സംഭവശേഷം ഞായറാഴ്ചയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.അതേസമയം മറ്റൊരു സംഭവത്തിൽ, സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാരുടെ പീഡനത്തെത്തുടർന്ന് 21 കാരിയായ നവവധു ആത്മഹത്യ ചെയ്തു.
മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ കേസെടുത്തു. പെൺകുട്ടി സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ടതായി ഇരയുടെ പിതാവിന്റെ മൊഴിയിൽ പൊലീസിന് മനസ്സിലായി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304-ബി, 498-എ, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
The husband killed his wife with an ax for dowry