ഒലീവ് മരത്തണലിൽ - പുസ്തകത്തെ കുറിച്ച് ഡോ ഇന്ദിരാ ബാലചന്ദ്രൻ എഴുതുന്നു

ഒലീവ് മരത്തണലിൽ - പുസ്തകത്തെ കുറിച്ച്  ഡോ ഇന്ദിരാ ബാലചന്ദ്രൻ എഴുതുന്നു
May 23, 2022 09:34 AM | By Vyshnavy Rajan

രായിരം സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചു കൊണ്ടാണ് ഓരോ നിമിഷവും പിറന്നു വീഴുന്നത്. കോടാനുകോടി നിമിഷങ്ങൾ നീർക്കുമിളകളായി വീണുടയുമ്പോൾ അതിൽ നിന്ന് അപൂർവ്വമായവ ഉയിർത്തെഴുന്നേൽക്കുന്നു. ഇവയാണ് പിൽക്കാലത്ത് സ്മൃതി മണ്ഡപങ്ങളായും സാംസ്കാരിക പേടകങ്ങളായും ചെപ്പേടുകളായും ചരിത്രത്താളുകളിൽ ചേക്കേറുന്നത്.

ജോർദാൻ്റെ ഭൂതകാലാകാശവീഥിയിലൂടെ രമേഷ് ശങ്കരൻ നടത്തിയ സഞ്ചാരത്തിൻ്റെ ആത്മാവിഷ്കാരമാണ് " ഒലീവ് മരത്തണലിൽ.'' സാഹിത്യ രംഗത്തേയ്ക്കുള്ള അദ്ദേഹത്തിൻ്റെ ആദ്യ ചുവടുവയ്പാണ് ഈ കൃതി. തൻ്റെ യാത്രാപഥങ്ങളിൽ കണ്ട കാഴ്ചകളും കേട്ട ശബ്ദങ്ങളും മനസ്സിൻ്റെ ക്യാൻവാസിൽ ഒപ്പിയെടുത്തു പുനരാവിഷ്കരിച്ചപ്പോൾ ജോർദാൻ്റെ പൗരാണിക മുദ്രകൾ പേറുന്ന മനോഹരമായ ഒരു ചരിത്ര പേടകമായി അത് മാറി.

ജോർദാന് വിശേഷണങ്ങൾ ഏറെയുണ്ടെങ്കിലും "ദൈവത്തിൻ്റെ പൂന്തോട്ടം'' എന്ന പേരാണ് കൂടുതൽ അന്വർത്ഥം. ഹൃദയത്തിൽ നന്മ പൂത്തുലയന്നവരുടെ നാട് എന്ന വിശേഷണവും ജോർദാന് സ്വന്തം. എന്നിരുന്നാലും ആയിരക്കണക്കിനു വർഷങ്ങൾ ഒരു ജനത നടത്തിയ കനലാട്ടങ്ങൾക്കും തീപ്പാച്ചിലുകൾക്കും ശേഷമാണ് ഈ നാട് സമാധാനത്തിൻ്റെ വിളഭൂമിയായി മാറിയതെന്ന് ഒരു ചരിത്ര സത്യമായി അവശേഷിക്കുന്നു.

ഒലീവ് വൃക്ഷത്തിൻ്റെ ചില്ലകളിൽ നിന്നും ചില്ലകളിലേക്ക് മാറി മാറി സഞ്ചരിക്കവേ രമേഷിൻ്റെ തൂലിക കൊണ്ട് കൊത്തിയെടുത്ത അക്ഷരങ്ങളുടെ നക്ഷത്ര വെളിച്ചത്തിൽ ജോർദാനിലെ അചേതനങ്ങളായ കൽപ്രതിമകൾ നിരന്തരം തളിർക്കുകയും പൂക്കുകയും ചെയ്യുന്ന കാഴ്ച എന്നെ വിസ്മമയഭരിതയാക്കി.

വിദൂരസന്ധ്യകളിൽ വിദൂര നക്ഷത്രങ്ങളെ ലക്ഷ്യമാക്കി നടന്നു നീങ്ങിയ പഥികൾ, മഞ്ഞും വെയിലും മാറിമാറിപ്പുണരുന്ന പർവ്വതങ്ങൾ, അലറിപ്പാഞ്ഞുവരുന്ന കൂറ്റൻ തിരമാലകൾ, അഴിമുഖത്തിൻ്റെ നൊമ്പരങ്ങൾ, ആകാശച്ചെരുവിൽ നിന്ന് ഒലീവ് മരച്ചില്ലകൾക്കിടയിലൂടെ ഊർന്നിറങ്ങുന്ന തേൻനിലാവ് എല്ലാം ചേർന്ന ഈ കൃതി നമുക്കു മുന്നിൽ മായാലോകമാണ് തുറന്നിടുന്നത്.

പ്രകൃതി അണിയിച്ചൊരുക്കിയ ചുവന്ന മണലാരണ്യവും, അത്യപൂർവ്വമായ പാറക്കെട്ടുകളും ഉൾച്ചേർന്ന വാദിറമ്മിൻ്റെ ഭൂദൃശ്യം ആരുടേയും മനം കവരും. സ്നേഹത്തിൻ്റെയും സേവനത്തിൻ്റെയും വിളനിലമായിരുന്ന മഹാത്മാക്കളുടെ പാദപാംസുകങ്ങൾ കൊണ്ടു പരിപാവനമായ വഴിത്താരകളും സാംസ്കാരിക പാരമ്പര്യത്തിൻ്റെ തിരുശേഷിപ്പുകളും ജോർദാനെ പുണ്യഭൂമിയാക്കുന്നു.

യേശുദേവൻ ജ്ഞാനസ്നാനം ചെയ്ത ജലാശയവും, മോശ അന്ത്യവിശ്രമം കൊള്ളുന്ന നെബോ പർവ്വതവും, വറ്റാത്ത നീരുറവയും, വിശുദ്ധ യോഹന്നാൻ്റെ വാസഗുഹയും, അദ്ദേഹത്തിൻ്റെ സ്മരണകളിരമ്പുന്ന മുക്കാവിർ കോട്ടയും, മഹാത്മാവിനെ മാറോട് ചേർത്ത ഗാന്ധി സ്ട്രീറ്റും, വാണിജ്യ കേന്ദ്രമായ "Down Town" ഉം എല്ലാം തൊട്ടടുത്തു നിന്നു കാണുന്ന പ്രതീതിയിലാണ് ആവിഷ്കരണം.

ചരിത്രത്താളുകൾ നിരന്തരം മറിച്ചു കൊണ്ടിരിക്കുന്ന പെട്രാ നഗരവും, മരണത്തെ മുഖാമുഖം കണ്ട് ഊർദ്ധശ്വാസം വലിച്ചു കൊണ്ടിരിക്കുന്ന ചാവുകടലും ജോർദാനിലെ വേറിട്ട കാഴ്ചകളെത്രെ ! മരുഭൂമിയിലെ "പ്രവാചക മരം'' ലോകത്തിലെ തന്നെ അത്ഭുതങ്ങളിലൊന്നാണ്. ഉച്ച വെയിലിൽ കത്തി നിൽക്കുന്ന ഏകാന്തതയേയും, ഇരുണ്ടു കറുക്കുന്ന ഭീതിദമായ സന്ധ്യകളെയും അതിജീവിച്ചു കൊണ്ട് നബി തിരുമേനിയെക്കുറിച്ചുള്ള ഓർമ്മകളുമായി, കാലത്തിൻ്റെ രാജവീഥികളിൽ അതങ്ങനെ തല ഉയർത്തി നിൽക്കുന്നു. ജോർദാൻ്റെ സാംസ്കാരികപ്പെരുമ വിളിച്ചോതുന്ന ഇടമാണ് "ഗദാര.'' അതിർത്തി എന്നാണ് "ഗദാര" എന്ന വാക്കിൻ്റെ അർത്ഥം.

സമൃദ്ധിയുടെ ജൈവക്കാഴ്ചകളും ' , ഊഷരതയുടെ മണൽക്കാടുകളും, നന്മയുടെ നെയ്ത്തിരി നാളങ്ങളായ കുടിലുകളും , തീരത്തെ തഴുകി ഒഴുകുന്ന പുഴയും ചേർന്നാൽ "ഗദാര"യായി ..ജോർദാൻ്റെ "അൽ ജാബർ"   അതിർത്തിയിൽ എത്തുമ്പോൾ കാണുന്നത് മുണ്ഡിത ശിരസ്കയായ ഭൂമിയുടെ വേറിട്ടൊരു കാഴ്ചയാണ്. ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പുകളിലൊന്നായ "സത്താറി" സ്ഥിതി ചെയ്യുന്ന ഇടം. ഇതിഹാസ തുല്യരായ ഭരണകർത്താക്കളും, ദൈവപുത്രനുമെല്ലാം ഈ വഴിയിലൂടെ സഞ്ചരിച്ചവരാണ്.

വറ്റിവരണ്ട സർക്കാ നദിയും ബാഗ്ദാദിലേക്കും  സൗദിയിലേക്കും എല്ലാം വിരൽ ചൂണ്ടുന്ന ദിശാബോർഡുകളും അവിടെ നമ്മെ എതിരേൽക്കുന്നുണ്ട്. ഒലീവ് മരത്തണലിലൂടെ സഞ്ചരിച്ച് അറബിക്കഥകളിലും ആയിരത്തൊന്ന് രാവുകളിലും അശാന്തിയുടെ യുദ്ധ പുസ്തകങ്ങളില്‍ നിന്നുമെല്ലാം വായിച്ചറിഞ്ഞ ദേശങ്ങളെ നേരിൽക്കണ്ട പ്രതീതിയാണ് എനിക്കനുഭവപ്പെടുന്നത്. ഒപ്പം അധിനിവേശത്തിൻ്റെ നഗരക്കാഴ്ചകളും, അത് കൊടും നോവുകളുടെ തീക്കനലായി ഉള്ളുപൊള്ളിച്ചു. രാജ്യങ്ങൾ തമ്മിലും, മതങ്ങൾ തമ്മിലും പകയും വിദ്വേഷവും പുകയുന്ന ഇക്കാലത്ത് ജോർദാൻ എന്ന ദേശം സ്നേഹത്തിൻ്റെ മഹത്വം ഉദ്ഖനനം ചെയ്തുകൊണ്ടിരിക്കുന്നു.

സ്നേഹമാകുന്ന ത്രയാക്ഷരിയിലൂടെ അതിരുകളില്ലാത്ത ഒരു ലോകത്തെയാണ് അവർ വിഭാവനം ചെയ്യുന്നത്. ചിരിയായി പൂക്കുന്നതും, അലിവായി കിനിയുന്നതും നിലാവായി പരന്നൊഴുകുന്നതുമെല്ലാം സ്നേഹമാണെന്ന തിരിച്ചറിവ് 'ജോർദാ'നെ നന്മയുടെ തീരഭൂമിയാക്കുന്നു. ജോർദാൻ്റെ ചരിത്രവും ഭൂമിശാസ്ത്രവും വർത്തമാനവും ഇഴചേരുന്ന മുപ്പത്തിയാറ് കൊച്ചു കൊച്ചു ലേഖനങ്ങളുടെ സമാഹാരമാണ് "ഒലീവ് മരത്തണലിൽ." ലാളിത്യമാർന്ന ഭാഷയും ആഖ്യാന മികവും അക്ഷരങ്ങളിൽ തുടികൊട്ടി നിൽക്കുന്ന ആത്മാർത്ഥതയും ഇതിനെ വേറിട്ടതാക്കുന്നു.

ഒരു ദേശത്തിൻ്റെ ശ്വാസനിശ്വാസങ്ങളെ ഹൃദയത്തിലേറ്റു വാങ്ങി, ശില്പങ്ങളാക്കി ഉയിരുകൊടുത്തപ്പോൾ, അത് "ഒലീവ് മരത്തണലായി" പിറന്നുവീണു. സഞ്ചാര സാഹിത്യമെന്ന രൂപച്ചിമിഴിനുമപ്പുറത്തേയ്ക്ക് പറന്നുയരാനുള്ള കെല്പ് ഇതിനുണ്ട്. ചരിത്രാന്വേഷകർക്ക് ഒരു സഹായ ഗ്രന്ഥമെന്ന നിലയിലും ഇത് പ്രയോജനപ്പെടും എന്നതിൽ സംശയമില്ല. പുസ്തകം വായിച്ചു തീർന്നപ്പോൾ " ജോർദാൻ " ഒരനുഭവമായി മനസിൽ നിറഞ്ഞു. ദൈവത്തിൻ്റെ ഉദ്യാനത്തിൽ വിരിഞ്ഞ പൂക്കളിൽ നിന്ന് ഒഴുകിയെത്തിയ സുഗന്ധം എന്നെ വലയം ചെയ്ത പ്രതീതി. ആ സുഗന്ധം വായനക്കാരായ നിങ്ങളുടെ മനസ്സിലേക്കും ഒഴുകിപ്പരക്കട്ടെ എന്ന പ്രാർത്ഥനയോടെ.

In the shade of the olive tree - about the book

Next TV

Related Stories
#humanwildlifeconflict|മനുഷ്യ വന്യ ജീവി സംഘര്‍ഷം; സംസ്ഥാനങ്ങൾ കൈകോർത്തത് ആശാവഹം

Mar 12, 2024 04:07 PM

#humanwildlifeconflict|മനുഷ്യ വന്യ ജീവി സംഘര്‍ഷം; സംസ്ഥാനങ്ങൾ കൈകോർത്തത് ആശാവഹം

വനം-വന്യജീവി വകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഓരോ വര്‍ഷവും മനുഷ്യ-വന്യജീവി ആക്രമണത്തിന്റെ തോത്...

Read More >>
#electoralbondcase | ആർക്കൊപ്പം എസ്ബിഐ ? ഇലക്ടറൽ ബോണ്ടിൽ ബാങ്കിൻ്റെ ഒത്തുകളി നാടകം പൊളിച്ച് സുപ്രീം കോടതി

Mar 11, 2024 08:43 PM

#electoralbondcase | ആർക്കൊപ്പം എസ്ബിഐ ? ഇലക്ടറൽ ബോണ്ടിൽ ബാങ്കിൻ്റെ ഒത്തുകളി നാടകം പൊളിച്ച് സുപ്രീം കോടതി

ആർക്കൊപ്പമാണ് എസ്ബിഐ ?ഇലക്ടറൽ ബോണ്ടിൽ ബാങ്കിൻ്റെ ഒത്തുകളി നാടകം പൊളിക്കാൻ ശക്തമായ താക്കീത് കൂടിയാണ് സുപ്രിം കോടതി...

Read More >>
#KuroolliChekon | കടത്തനാടൻ സിംഹം കുറൂളി ചേകോൻ; ചതിയിൽ കൊലപ്പെടുത്തിയിട്ട് ഇന്ന് 111വർഷം

Feb 14, 2024 07:58 AM

#KuroolliChekon | കടത്തനാടൻ സിംഹം കുറൂളി ചേകോൻ; ചതിയിൽ കൊലപ്പെടുത്തിയിട്ട് ഇന്ന് 111വർഷം

ഒളിവിലായിരുന്നപ്പോഴും പാവങ്ങളുടെ ഈ രക്ഷകൻ വേഷം മാറി വന്നു അവരെ അത്ഭുതപ്പെടുത്തിയതും...

Read More >>
Top Stories