കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് പശുക്കടവില്‍ കാണാതായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് തൊട്ടിൽപ്പാലം പൊലീസ്. അസ്വഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം. കോങ്ങാട് ചൂള പറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയെയാണ് (40) മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാത്രി പന്ത്രണ്ട് മണിയോടെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ബോബിയുടെ ശരീരത്തില്‍ പരിക്കുകളൊന്നുമില്ല. കഴിഞ്ഞ ദിവസം വനാതിർത്തിയിൽ പശുവിനെ മേയ്ക്കാന്‍ കൊണ്ടുപോയതായിരുന്നു ബോബി. ഉച്ചയ്ക്ക് പശുവിനെ അഴിക്കാനായി വനാതിര്‍ത്തിയിലേക്ക് പോയ ബോബി പിന്നീട് വന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
.gif)

നാട്ടുകാരും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും കുറ്റ്യാടി ദുരന്തനിവാരണ സേനയിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത് തന്നെ പശുവിനെയും ചത്ത നിലയില്‍ കണ്ടെത്തി. കാട്ടാന ഉള്‍പ്പെടെയുളള വന്യമൃഗങ്ങളുളള മേഖലയാണ്.
എന്നാല്‍ പ്രഥമദൃഷ്ട്യാ അത്തരം പരിക്കുകളൊന്നും മൃതദേഹത്തില്‍ കണ്ടെത്തിയിട്ടില്ല. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. തുടര്‍ന്ന് മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂ.
Missing housewife found dead in Kozhikode cattle market Thottilpalam police launch investigation
