---
title: "പുലിവാല്‍ കല്യാണം പോലെ... കുഴിയില്‍ വീണ കുട്ടിക്കായി തിരച്ചില്‍ ഒടുവില്‍, വന്‍ ട്വിസ്റ്റ്"
english_title: "delhi boy manhole fall"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/306091/delhi-boy-manhole-fall"
published_at: "2025-08-02T15:31:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688de23ec2caa_ryrytry.jpg"
keywords: []
---

# പുലിവാല്‍ കല്യാണം പോലെ... കുഴിയില്‍ വീണ കുട്ടിക്കായി തിരച്ചില്‍ ഒടുവില്‍, വന്‍ ട്വിസ്റ്റ്

> **Lead Summary:** **ഡല്‍ഹി : ( **[www.truevisionnews.com]** )** മാന്‍ഹോളില്‍ വീണ കുട്ടിക്ക് അത്ഭുത രക്ഷ. ഡല്‍ഹി വസന്ത് കുഞ്ചില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കൂട്ടുകാരോടൊപ്പം മഴയത്ത് കളിച്ചുകൊണ്ടിരിക്കേ ഒരു കുട്ടി മാന്‍ഹോളില്‍ വീണു. സുഹൃത്തുക്കള്‍ ഉടന്‍ മാന്‍ഹോളില്‍ തിരഞ്ഞെങ്കിലും ഇരുട്ടില്‍ ആരയും കാണാനായില്ല. കുട്ടികള്‍ ഓടിച്ചെന്ന് നാട്ടുകാരെയും വിവരമറിയിച്ചു.

## Article Content

**ഡല്‍ഹി : ( **[www.truevisionnews.com]** )** മാന്‍ഹോളില്‍ വീണ കുട്ടിക്ക് അത്ഭുത രക്ഷ. ഡല്‍ഹി വസന്ത് കുഞ്ചില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കൂട്ടുകാരോടൊപ്പം മഴയത്ത് കളിച്ചുകൊണ്ടിരിക്കേ ഒരു കുട്ടി മാന്‍ഹോളില്‍ വീണു. സുഹൃത്തുക്കള്‍ ഉടന്‍ മാന്‍ഹോളില്‍ തിരഞ്ഞെങ്കിലും ഇരുട്ടില്‍ ആരയും കാണാനായില്ല. കുട്ടികള്‍ ഓടിച്ചെന്ന് നാട്ടുകാരെയും വിവരമറിയിച്ചു.

വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് അടക്കം ഒരു വന്‍ സന്നാഹം തിരച്ചിലിനെത്തി. കുട്ടിയെ കുറിച്ച് വലിയ വിവരമൊന്നും സുഹൃത്തുക്കള്‍ക്ക് ഉണ്ടായിരുന്നില്ല. അതിനാല്‍ വീട്ടുകാരെ കണ്ടെത്താനും ശ്രമം തുടങ്ങി. മാന്‍ഹോള്‍ വലുതാക്കി തിരയാന്‍ മണ്ണുമാന്തി യന്ത്രം വരെ എത്തിച്ചു. എന്നാല്‍ എത്ര തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായില്ല..

തിരച്ചിലിന് ഒരന്ത്യമില്ലാതായതോടെ പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങി. ദ‍ൃശ്യങ്ങളില്‍ നിന്നും പകല്‍ 12:41നോടടുത്ത് കുട്ടി കുഴിയില്‍ വീഴുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കുട്ടി കുഴിയില്‍ തന്നെ എന്ന് ഉറപ്പിക്കാന്‍ കഴിയുന്ന ദൃശ്യങ്ങള്‍. പക്ഷേ പൊലീസ് അവിടെ നിര്‍ത്തിയില്ല മൂന്നോട്ടുള്ള ദൃശ്യങ്ങളും പരിശോധിച്ചു. കൃത്യം 12:51നുള്ള ദൃശ്യങ്ങള്‍ കണ്ട പൊലീസും അന്തം വിട്ടു.

കുഴിയില്‍ വീണ കൂട്ടി കൃത്യം പത്ത് മിനിറ്റ് കഴിഞ്ഞ് കുഴിയുടെ വശത്തുകൂടെ ഒന്നും സംഭവിക്കാത്ത മട്ടില്‍ നടന്നു പോകുന്നതായിരുന്നു ആ ദൃശ്യം. എങ്കിലും കുട്ടി എങ്ങനെ കുഴിയില്‍ നിന്ന് പുറത്തുവന്നെന്ന് പൊലീസിന് വ്യക്തമായില്ല. പിന്നെ കുട്ടിയുടെ വീട്ടുകാരെ കണ്ടെത്താനായി ശ്രമം. കുട്ടി കുഴിയില്‍ വീഴുന്ന ദൃശ്യങ്ങള്‍ കണ്ട സ്കൂളിലെ ടീച്ചറാണ് അവനെ തിരിച്ചറിഞ്ഞത്. അവര്‍ പൊലീസിനെ ബന്ധപ്പെട്ട് കുട്ടിയുടെ വിവരങ്ങള്‍ കൈമാറി.

കുട്ടിയുടെ വീട്ടുകാരെ പൊലീസ് ബന്ധപ്പെട്ടതോടെയാണ് കഥയുടെ ചുരുളഴിയുന്നത്. കുട്ടി കുഴിയില്‍ വീണത് നേര് തന്നെ. പക്ഷെ ഇരുട്ടില്‍ പരതിയ കുട്ടിക്ക് 20 മീറ്റര്‍ അപ്പുറത്ത് പുറത്തുകടക്കാന്‍ മറ്റൊരു വഴി കണ്ടെത്താനായി. പുറത്ത് കടന്ന കുട്ടി ശരീരത്തിലെ ചെളി കഴുകിക്കളയാനായി വീട്ടിലേക്ക് പോയി. കളിക്കൂട്ടുകാര്‍ ഇതറിയാതൊണ് സുഹൃത്ത് കുഴിയില്‍ അകപ്പെട്ടെന്ന് വിശ്വസിച്ചത്. കുട്ടി സുരക്ഷിതനാണെന്ന് അറിഞ്ഞതിന്‍റെ ആശ്വാസത്തിലാണ് പൊലീസും ഫയര്‍ഫോഴ്സും .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/306091/delhi-boy-manhole-fall)