കോഴിക്കോട്:( www.truevisionnews.com )ഒരു യാത്ര മനോഹരമാവുന്നത് നാം പ്രതീക്ഷിച്ചതിലും അപ്പുറമുള്ള, ആ നാട് നമുക്ക് സമ്മാനിക്കുന്ന കാഴ്ചകളാണ്. അങ്ങനെ ഒത്തിരി മനസ്സിനും കണ്ണിനും കുളിരണിയിപ്പിക്കുന്ന കാഴ്ചകൾ ഒരുക്കിവെച്ച അതി സുന്ദരിയാണ് കോഴിക്കോടിന്റെ സ്വന്തം ഗവി എന്നറിയപ്പെടുന്ന വയലട. വയലട വ്യൂ പോയിന്റിലേക്കുള്ള വഴിയോരത്ത് പലയിടങ്ങളിലായി ഒളിപ്പിച്ചുവെച്ച പ്രകൃതി സൗന്ദര്യം നമ്മളെ ഒന്ന് മാടിവിളിച്ചിന്നു വരും.
ഈ മഴക്കാലത്ത്, വളഞ്ഞുപുളഞ്ഞുള്ള വഴിയോരത്തിലൂടെയും പാറക്കെട്ടുകൾക്കിടയിലൂടെയും ഉരുളൻ കല്ലുകളിലൂടെയും ഒഴുകുന്ന ജലധാര കണ്ണിനും മനസ്സിനും കുളിർമയേകും.പ്രകൃതി തീർത്ത ചില്ലുമുളക്കൾ കൊണ്ട് പന്തൽ അണിഞ്ഞ പോലെയുള്ള വഴിയോരത്തിലൂടെ മുന്നോട്ടു പോകുമ്പോൾ നിങ്ങളെ കാത്തിരിക്കുന്നത് ചെറിയ പാറക്കല്ലുകളാണ്.ആ ഇടുങ്ങിയ പാറക്കെട്ടുകൾക്കിടയിലൂടെയുള്ള യാത്ര നിങ്ങളിൽ സാഹസികയാത്രയുടെ അനുഭവം ഉടലെടുപ്പിക്കും. മഴയുടെ മർമ്മരങ്ങളിൽ വിരിയുന്ന സ്വപ്നഭൂമി.കോടമഞ്ഞും പച്ചപ്പും കെട്ടിപ്പിണഞ്ഞു കിടക്കുന്ന വയലാട വ്യൂ പോയിന്റ് വെറുമൊരു കാഴ്ചയല്ല, അതൊരു അനുഭൂതിയാണ്.
.gif)

കോഴിക്കോട് ജില്ലയുടെ ഹൃയഭാഗത്തുനിന്ന് ബാലുശ്ശേരിയിലൂടെ ഏകദേശം 12 കിലോമീറ്ററും താമരശ്ശേരിയിൽ നിന്നും 20 കിലോമീറ്ററും അകലെയാണ് പ്രകൃതിയുടെ വിസ്മയ കാഴ്ചകൾ ഒളിപ്പിച്ചുവെച്ച വയലട സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. പെരുവണ്ണാമൂഴി ഡാമും കൂരാച്ചുണ്ട് പട്ടണവും തോണിക്കടവും കക്കയം ഡാമും ചെറിയ ദ്വീപുകളും പച്ചപ്പിൽ പുതഞ്ഞും മഞ്ഞിൽ മൂടിയും പരന്നങ്ങനെ കിടക്കുന്നത് കാണാം . ഇങ്ങോട്ടുള്ള യാത്ര തുടങ്ങുമ്പോൾ തന്നെ മനസ്സിൽ ഒരുതരം ആകാംഷ നിറയും. നഗരത്തിന്റെ ബഹളങ്ങളിൽ നിന്ന് അകന്ന്, പ്രകൃതിയുടെ ശാന്തതയിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ നാം പോലും അറിയാതെ ആ പ്രകൃതി നമ്മളെ പുണരും .
ആകാശവും ഭൂമിയും സംഗമിക്കുന്ന ഈ മാന്ത്രിക ഇടം, ഓരോ സഞ്ചാരിയുടെയും ഹൃദയത്തിൽ മായാത്ത ഒരോർമ്മയായി മാറും അത് ഉറപ്പാണ്. ഇവിടെയെത്തുമ്പോൾ, ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന പ്രതീതിയാണ്. തണുത്ത കാറ്റ് മുഖത്ത് തഴുകുകയും കുന്നുകളും താഴ്‌വരകളും കണ്ണെത്താത്ത ദൂരത്തോളം കാഴ്ചകളൊരുക്കി നമ്മളെയും കാത്തിരിക്കുകയാണെന്ന് തോന്നും. പ്രകൃതി വരച്ച ഒരു മനോഹര ചിത്രത്തെ പോലെ തോന്നിക്കും ആ കാഴ്ച. മൂടൽമഞ്ഞ്, ഒരു മാന്ത്രികനെപ്പോലെ, കൊടുമുടികളിലൂടെ അരിച്ചെത്തുകയും, ചിലപ്പോൾ താഴെയുള്ള ഗ്രാമങ്ങളെ പച്ചപ്പിൽ ഒളിപ്പിക്കുകയും, മറ്റുചിലപ്പോൾ ഒരു മായാജാല മൂടുപടത്തിൽ മറയ്ക്കുകയും ചെയ്യും. താഴെ, നദി വെട്ടിത്തിളങ്ങി ഒഴുകുന്നത് കാണാം, ഭൂമിയെയും ചക്രവാളത്തെയും ബന്ധിപ്പിക്കുന്ന ഒരു വെള്ളി നാട പോലെ. വയലാട എന്നത് കാഴ്ചകൾ സമ്മാനിക്കുന്ന ഇടം മാത്രമല്ല ഇന്ദ്രിയങ്ങളെ ഉണർത്തുന്ന മാന്ത്രികൻ കൂടിയാണ്.
ഈ പ്രകൃതിയുടെ ദൃശ്യവിരുന്നിന് കാഴ്ചക്കാരാവാൻ കൂട്ടുകാരോടൊപ്പമോ കുടുംബത്തോടൊപ്പമോ രാവിലെയോ വൈകുന്നേരങ്ങളിലോ സന്ദർശിക്കുന്നതാണ് ഉത്തമം. കോഴിക്കോട് ബാലുശ്ശേരി വഴിയും താമരശ്ശേരി എസ്റ്റേറ്റ് മുക്ക് വഴിയും വയലട വ്യൂ പോയിന്റിലേക്ക് എത്തിചേനാവുന്നതാണ്. അധികം ബുദ്ധിമുട്ടുകളില്ലാതെ മുകളിലെത്താൻ സാധിക്കുമെന്നതാണ് വയലടയുടെ സവിശേഷത. താഴ്വാരം വരെ റോഡ് ഉള്ളതിനാൽ സ്വന്തം വാഹനത്തിൽ ഇവിടേയ്ക്ക് എത്താം. കുടുംബത്തോടൊപ്പം നല്ലൊരു ട്രെക്കിംഗ് ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി വയലടയിലേയ്ക്ക് പോകാം.
Kozhikode's own Gavi, Vayalada: A cold beauty draped in mist
