(www.truevisionnews.com) "വട്ടവട കേട്ടിട്ടുണ്ടോ?" കോളേജിലെ ബോറടിപ്പിക്കുന്ന ക്ലാസുകളിൽ നിന്ന് എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ ഒരു കാരണം തിരഞ്ഞിരുന്ന ഞങ്ങൾക്ക് ആ ഒറ്റ ചോദ്യം മതിയായിരുന്നു.പ്ലാനുകളില്ല, മുൻധാരണകളില്ല, ലക്ഷ്യം ഒന്നുമാത്രം, സിനിമയിൽ മാത്രം കേട്ടുമറന്ന ആ ഗ്രാമം ഒന്ന് കാണണം. അങ്ങനെ, ഞങ്ങൾ വട്ടവടയിലേക്ക് വണ്ടി കയറി.മൂന്നാറിൻ്റെ കോടമഞ്ഞും മാട്ടുപ്പെട്ടി ഡാമും എക്കോ പോയിൻ്റിൻ്റെ സഞ്ചാരിത്തിരക്കും പിന്നിട്ട്, ഓരോ വളവ് തിരിയുമ്പോഴും വട്ടവടയുടെ ലോകം അടുത്തുവന്നു.
കൊവിലൂർ എന്ന ബോർഡ് കണ്ടപ്പോൾ തന്നെ കാർഷിക ഗ്രാമത്തിൻ്റെ നിഷ്കളങ്കമായ ഭംഗി ഞങ്ങളുടെ മനസ്സിലേക്ക് പടർന്നു കയറുകയായിരുന്നു.ഒരു ചിത്രകാരൻ്റെ ക്യാൻവാസിൽ മാത്രം കാണുന്ന പോലെയുള്ള വലിയ കുന്നുകളും പച്ചപ്പുനിറഞ്ഞ താഴ്വരകളും, അവിടെ പൊന്നുവിളയിക്കുന്ന ഒരു കൂട്ടം പച്ച മനുഷ്യരെയും ഞങ്ങൾ കണ്ടു .
.gif)

കേരളത്തിലെ ഇടുക്കി ജില്ലയിൽ, തമിഴ്നാടിൻ്റെ അതിർത്തിയോടുചേർന്ന് മൂന്നാറിനടുത്താണ് വട്ടവട ഗ്രാമം.ടിപ്പുസുൽത്താൻ്റെ പടയോട്ടക്കാലത്ത് അക്രമങ്ങളിൽ നിന്ന് രക്ഷ തേടി തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കുടിയേറിയവരാണ് വട്ടവട നിവാസികൾ .ഔദ്യോഗികമായി കേരളത്തിൻ്റെ ഭാഗമാണെങ്കിലും, മനസ്സുകൊണ്ടും സംസ്കാരംകൊണ്ടും അവർ ഇന്നും തമിഴ് പാരമ്പര്യം മുറുകെ പിടിക്കുന്നവരാണ് .
മലയാളവും തമിഴും ഇടകലർന്ന ഭാഷയാണ് അവർ സംസാരിക്കുന്നത്. മണ്ണിനോടും മഴയോടും മരംകോച്ചുന്ന തണുപ്പിനോടും പടവെട്ടി ജീവിക്കുന്ന ഈ ജനത, പ്രകൃതിയെ സ്നേഹിച്ച് സ്വർഗ്ഗതുല്യമായ ഒരു നാട് ഒരുക്കിയിരിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 3500 മുതൽ 8500 അടി വരെ ഉയരത്തിൽ പരന്നുകിടക്കുന്ന പ്രേദേശങ്ങൾ ഇവിടെയുണ്ട്.
ഇവിടം കാഴ്ചകളുടെ ഒരു കലവറയാണ്. ചോക്കുമുട്ടായി പോലെ തോന്നിക്കുന്ന വർണ്ണവീടുകൾ, ചാണകം മെഴുകിയ തറകൾ, തട്ടുതട്ടായി തിരിച്ച കൃഷിയിടങ്ങളിൽ വിളഞ്ഞുനിൽക്കുന്ന ക്യാരറ്റും കാബേജും സ്ട്രോബെറിയും സൂര്യകാന്തിയും. പേരറിയാത്ത ഒരുപാട് പൂക്കളും വെള്ളച്ചാട്ടവും ഈ താഴ്‌വരയ്ക്ക് നിറം പകർന്നു .
സഞ്ചാരികൾക്കായി ചെറുതും വലുതുമായ റിസോർട്ടുകളും സാഹസികർക്കായി ജീപ്പ് ട്രക്കിംഗ് സൗകര്യങ്ങളും ഇവിടെയുണ്ട്. ഇവിടെനിന്നും സൂര്യോദയം കാണാൻ ഒരുപ്രത്യേക അനുഭൂതിയാണ് .സ്വർണ്ണരശ്മികൾ മലകളിൽ പടർന്ന്കയറുമ്പോൾ കണ്ണിനും മനസ്സിനും ഒരുപോലെ കുളിരേകും .വട്ടവടയിലെ തേനിൻ്റെ കഥ പറയുന്ന ഹണി മ്യൂസിയം, മധുരമൂറുന്ന സ്ട്രോബെറി ഫാമുകൾ, 'നായാട്ട്' സിനിമയുടെ ലൊക്കേഷൻ ഊട്ടിപൂക്കൾ വിരിയുന്ന കുന്നുകകുളും എന്നിവയെല്ലാം സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്.
ഈ കാഴ്ചകൾക്കിടയിൽ, കലാലയ ജീവിതത്തിനിടയിൽ മത തീവ്രവാദികളുടെ കൊലകത്തിക്ക് ഇരയായി ജീവൻ നഷ്ടപ്പെട്ട മഹാരാജാസിലെ അഭിമന്യുവിൻ്റെ ഓർമ്മകളുറങ്ങുന്ന വീടും ഒരു നൊമ്പരമായി നിലകൊള്ളുന്നു.യാത്ര കഴിഞ്ഞ് നാളുകളേറെയായെങ്കിലും, വട്ടവടയെക്കുറിച്ച് ഓർക്കുമ്പോൾ കുന്നിൻ മുകളിലെ കോവിലുകളിൽ നിന്ന് ഒഴുകിയെത്തിയിരുന്ന ആ തമിഴ് പ്രാർത്ഥനാ ഗീതങ്ങൾ ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു. അതായിരുന്നു വട്ടവടയുടെ ആത്മാവ്, ഒരിക്കൽ അനുഭവിച്ചാൽ പിന്നെ മനസ്സിൽ നിന്ന് മായാത്ത ആത്മാവ്. ഒരിക്കലും മറക്കാൻ കഴിയാതത് .
Vattavada Munnar Travel Tourism
