കൊല്ലം: ( www.truevisionnews.com ) ഷാര്‍ജയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചികയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് നിധീഷിനെ ചോദ്യം ചെയ്യാന്‍ പൊലീസ്. ഷാര്‍ജയിലുള്ള നിധീഷിനെ നാട്ടിലെത്തിക്കും. ഇതിനായി ഇന്റര്‍പോളുമായി സഹകരിച്ച് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസിന്റെ തീരുമാനം. നിധീഷിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ജൂലൈ എട്ടിനായിരുന്നു ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ വിപഞ്ചികയേയും രണ്ടര വയസുകാരി മകള്‍ വൈഭവിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചത്. തുടര്‍ന്ന് മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടം നടത്തി. റീ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വിപഞ്ചികയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
.gif)

ഇതിന്റെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവ് നിധീഷിനെ നാട്ടിലെത്തിക്കാന്‍ പൊലീസ് ഒരുങ്ങുന്നത്. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. അതിനിടെ വിപഞ്ചികയുടെ ഫേസ്ബുക്കിലെ വിവരങ്ങള്‍ എടുക്കണമെന്ന ആവശ്യവുമായി സഹോദരന്‍ വിനോദ് രംഗത്തെത്തി. മരണശേഷം വിപഞ്ചികയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഡിലീറ്റായെന്നാണ് സഹോദരന്റെ ആരോപണം.
ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ഭര്‍ത്താവും കുടുംബം ശ്രമിക്കുകയാണ്. തന്റെ സഹോദരിയുടെ അവസ്ഥ മറ്റൊരാള്‍ക്കും ഉണ്ടാകരുത്. കേസുമായി ഏതറ്റം വരെയും പോകുമെന്നും സഹോദരന്‍ വ്യക്തമാക്കി. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നിരുന്നു.
സ്ത്രീധനത്തിന്റെ പേരില്‍ നേരിടേണ്ടിവന്ന ക്രൂരതകളെക്കുറിച്ചും ഭര്‍ത്താവ് നിധീഷിന്റെ വൈകൃതങ്ങളെക്കുറിച്ചും വിപഞ്ചിക കുറിച്ചിരുന്നു. ഭര്‍ത്താവിന്റെ പിതാവില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വിപഞ്ചിക എഴുതിയിരുന്നു. മോശം പെരുമാറ്റത്തെക്കുറിച്ച് ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ ഭര്‍തൃപിതാവിനെ പിന്തുണയ്ക്കുന്ന സമീപനമാണ് നിധീഷ് സ്വീകരിച്ചതെന്നും വിപഞ്ചിക പറഞ്ഞിരുന്നു.
നിധീഷിനും പിതാവിനും പുറമേ ഭര്‍തൃസഹോദരിക്കെതിരെയും വിപഞ്ചിക ആരോപണമുന്നയിച്ചിരുന്നു. താന്‍ മരിച്ചാല്‍ ഈ മൂന്ന് പേര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും വിപഞ്ചിക ആവശ്യപ്പെട്ടിരുന്നു. വിപഞ്ചികയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ പൊലീസ് കേസ് അന്വേഷിക്കുന്നത്.
Death of Vipanchika and her child Lookout notice to be issued to bring back the accused in Sharjah
