തിരുവമ്പാടി (കോഴിക്കോട്): ( www.truevisionnews.com ) വേങ്ങര സ്വദേശി മുഹമ്മദാലി എന്ന ആന്റണി, കൂടരഞ്ഞിയിൽ ‘കൊലപ്പെടുത്തി’യെന്ന് പറയുന്ന ആൾ വെള്ളം കുടിച്ചാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 1986 ഡിസംബറിൽ കൂടരഞ്ഞി കരിങ്കുറ്റിയിലെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് പൊലീസ് വീണ്ടും പരിശോധിച്ചത്.
1986ൽ കൂടരഞ്ഞിയിലെ ഒരാളെ കൊലപ്പെടുത്തിയതായി മൊഴിനൽകി മുഹമ്മദാലി ജൂൺ അഞ്ചിനാണ് മലപ്പുറം വേങ്ങര പൊലീസിൽ കീഴടങ്ങിയത്. 1989ൽ കോഴിക്കോട് വെള്ളയിൽ കടപ്പുറത്ത് മറ്റൊരാളുടെ സഹായത്തോടെ ഒരാളെ കൂടി കൊലപ്പെടുത്തിയെന്നും ഇയാൾ മൊഴി നൽകിയിരുന്നു. മനോസമ്മർദംമൂലമാണ് 39 വർഷത്തിനു ശേഷം രണ്ടു കൊലപാതകങ്ങളും ഏറ്റുപറഞ്ഞതെന്നും മുഹമ്മദാലി പൊലീസിനോട് വ്യക്തമാക്കിയിരുന്നു.
.gif)

കൂടരഞ്ഞി ‘കൊലപാതക’ കേസ് അന്വേഷിക്കുന്ന തിരുവമ്പാടി പൊലീസ് 10 ദിവസം മുമ്പാണ് പഴയ പോസ്റ്റുമോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ട് അധികൃതർക്ക് അപേക്ഷ നൽകിയത്. കൂടരഞ്ഞിയിൽ അന്ന് മരിച്ച ആളുടെ വായിൽ മണ്ണ് നിറഞ്ഞ അവസ്ഥയിലായിരുന്നു മൃതദേഹമുണ്ടായിരുന്നതെന്ന് റിപ്പോർട്ടിലുണ്ട്.
മൂന്നു ദിവസം പഴക്കമുണ്ടായിരുന്നു മൃതദേഹത്തിന്. കൊലപാതക സൂചനകളൊന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽനിന്ന് പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. 1986 ഡിസംബർ മൂന്നിന് ഫോറൻസിക് സർജൻ ഡോ. രവിയാണ് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയിരുന്നത്. കേസ് അന്വേഷിക്കുന്ന തിരുവമ്പാടി എസ്.എച്ച്.ഒ കെ. പ്രജീഷ് അടുത്ത ദിവസം തൃശൂരിലെത്തി ഡോ. രവിയിൽനിന്ന് മൊഴിയെടുക്കും.
Muhammadali murder revelation Koodaranji The postmortem report of that day said the deceased had drunk water but the deceased was not identified
