തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്തെ മുഴുവൻ പശുക്കളെയും ഇൻഷുർ ചെയ്യാൻ പദ്ധതി വരുന്നു. അത്യുത്പാദനശേഷിയുള്ള കന്നുകാലികളുടെ ആകസ്മിക മരണം, ഉത്‌പാദന ക്ഷമതയിലും പ്രത്യുത്‌പാദനക്ഷമതയിലും ഉണ്ടാകുന്ന നഷ്ടം എന്നിവയിൽ കർഷകന് അതിജീവനം നൽകാൻ മൃഗസംരക്ഷണ വകുപ്പാണ് പദ്ധതി ആവിഷ്കരിക്കുന്നത്.
അസുഖം ബാധിച്ച് പശു ചത്താലോ രോഗബാധിതമായാലോ കർഷകന് 60000-65000 രൂപ ഇൻഷുറൻസ് തുകയായി ലഭിക്കും. പ്രകൃതിക്ഷോഭത്താലുള്ള ഉരുനഷ്ടത്തിനും ഈ പദ്ധതിക്കുകീഴിൽ പരിരക്ഷയുണ്ട്. ഉടമയായ കർഷകനും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. അപകടമരണം, പൂർണമോ ഭാഗികമോ ആയ അംഗവൈകല്യം എന്നിവയ്ക്ക് അഞ്ചുലക്ഷംവരെയാണ് ലഭിക്കുക. അഞ്ചുലക്ഷം രൂപയ്ക്ക് 100 രൂപയാണ് കർഷകൻ പ്രീമിയമായി അടയ്ക്കേണ്ടത്.
.gif)

65000 രൂപ മതിപ്പുവിലയുള്ള ഉരുക്കൾക്ക് ഒരുവർഷ പദ്ധതിയിൽ 437 രൂപയും മൂന്നുവർഷ പദ്ധതിയിൽ 1071 രൂപയുമാണ് പ്രീമിയം നിരക്ക്. 85 ശതമാനം സബ്‌സിഡിയോടുകൂടിയ തുകയാണിത്. ഒരുവർഷ പദ്ധതിയിൽ കുറഞ്ഞത് 2320 ഉരുക്കളെയും മൂന്നുവർഷ പദ്ധതിയിൽ കുറഞ്ഞത് 400 ഉരുക്കളെയും ആദ്യഘട്ടത്തിൽ ഇൻഷുർ ചെയ്യും.
മാനദണ്ഡങ്ങൾ
- രണ്ടുമുതൽ 10 വയസ്സുവരെ പ്രായമുള്ള പശുക്കൾ, എരുമകൾ എന്നിവയ്ക്കു മാത്രമേ ഈ സ്കീമിനുകീഴിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കൂ
- കറവപ്പശുക്കൾക്ക് പ്രതിദിനം കുറഞ്ഞത് ഏഴുലിറ്റർ ഉത്പാദനശേഷി ഉണ്ടായിരിക്കണം
- ഗർഭാവസ്ഥയുടെ അവസാന ത്രൈമാസത്തിലുള്ള ഗർഭിണികളായ കിടാരി പശു , കിടാരി എരുമ, ഏഴു മാസത്തിനുമുകളിലുള്ള ഗർഭിണികളായ കറവ വറ്റിയ പശുക്കൾ, എരുമകൾ എന്നിവയെ പദ്ധതിയിൽ ഉൾപ്പെടുത്തും
- ഇൻഷുർ ചെയ്യുന്നതിനുള്ള കന്നുകാലികളെ തിരഞ്ഞെടുക്കുന്നത് വകുപ്പിലെ വെറ്ററിനറി സർജനാണ്
- ആരോഗ്യമുള്ള കന്നുകാലികളായിരിക്കണം, പ്രതിരോധ കുത്തിെവപ്പുകൾ എടുത്തിരിക്കണം.
- ഇൻഷുർ ചെയ്തവയെ തിരിച്ചറിയുന്നതിന് 12 അക്ക പോളിയൂറിത്തീൻ ഇയർടാഗ് നിർബന്ധം
Insurance for all cows; Farmers will get up to Rs 60,000-65,000, what are the criteria?
